feb-21
ട്രാൻസ്ഫോർമറിന് സംരക്ഷണ വേലി നിർമ്മിക്കുന്ന പണി പുരോഗമിക്കുന്നു

എഴുകോൺ: അപകടഭീഷണി ഉയർത്തിയ ട്രാൻസ്ഫോർമറിന് ചുറ്റുമുള്ള സംരക്ഷണ വേലിയുടെ നിർമ്മാണം ആരംഭിച്ചു. എഴുകോൺ ഇരുമ്പനങ്ങാട് റോഡിൽ മുല്ലവേലി ഭാഗത്തുള്ള ട്രാൻസ്ഫോർമറാണ് (വി.കെ.എം ട്രാൻസ്ഫോർമർ) സംരക്ഷണ വേലി ഇല്ലാത്തതിനെ തുടർന്ന് അപകട ഭീഷണി ഉയർത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കേരള കൗമുദിയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് കെ.എസ്.ഇ.ബി എഴുകോൺ സെഷൻ എ.ഇ ട്രാൻസ്ഫോർമറിന് സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു. ട്രാൻസ്ഫോർമറിന് ഫ്യൂസ് പാനൽ ബോക്സ് സ്ഥാപിച്ചു. വേലി കെട്ടുന്നതിനുള്ള ബെയിസ്മെന്റിന്റെ പണി ഉടൻ പൂർത്തിയാകും. എത്രയും വേഗം വേലി കെട്ടുമെന്ന് അസി. എൻജിനിയർ എസ്.ബി. ബിന്ദു അറിയിച്ചു. ഇരുവശത്തുമായി 25 അടിയോളം താഴ്ചയിൽ വയൽ ഏലയും ചതുപ്പ് നിലവുമുള്ള വീതി കുറഞ്ഞ റോഡായതിനാൽ ഇരുഭാഗത്ത് നിന്നും വാഹനങ്ങൾ കടന്നുവന്നാൽ സൈഡ് ഒഴിഞ്ഞുവരുന്ന വാഹനങ്ങളും കാൽനടയാത്രക്കാരും ട്രാൻസ്ഫോർമറിനോട് ചേർന്നാണ് പോകേണ്ടത്. ചെറിയ അശ്രദ്ധ ഉണ്ടായാൽ വാഹനങ്ങൾ ട്രാൻസ്ഫോർമറിലേയ്ക്ക് ഇടിച്ചു കയറാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഇറക്കമിറങ്ങി വരുന്ന വാഹനങ്ങളുടെ അമിതവേഗതയും പ്രദേശവാസികളുടെ ഭീതി വർദ്ധിപ്പിക്കുന്നു.