തൊടിയൂർ: മാലുമേൽ ദേവീക്ഷേത്രവും മാലുമേൽ ഇഷ്ടികയുമാണ് കരുനാഗപ്പള്ളി താലൂക്കിനെയും മാലുമേൽ പ്രദേശത്തെയും ഇതര ദേശക്കാർക്ക് സുപരിചിതമാക്കുന്നത്. ക്ഷേത്രത്തിന്റെ പ്രശസ്തി പ്രാദേശികാതിർത്തികൾക്കപ്പുറത്തേയ്ക്ക് വർദ്ധിക്കുമ്പോഴും മാലുമേൽ ഇഷ്ടിക വിസ്മൃതിയിലേയ്ക്ക് കൂപ്പ് കുത്തുകയാണ്. ഇഷ്ടിക നിർമ്മാണം യന്ത്രവത്കരിക്കപ്പെട്ടതോടെയാണ് മാലുമേൽ പ്രദേശത്തെ പഴയ 40ൽപ്പരം ഇഷ്ടികക്കമ്പനികൾ പ്രതിസന്ധിയിലായത്. ഓണാട്ട്കര പ്രദേശത്തെ ഭവന നിർമ്മാണത്തിന് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നത് മാലുമേൽ ഇഷ്ടികയാണ്. ഈ വ്യവസായവുമായി ബന്ധപ്പെട്ട് ധാരാളം തൊഴിലാളികൾ ഇവിടെ പണി ചെയ്തിരുന്നു. മാലുമേൽ പ്രദേശത്ത് മാത്രം 40ൽപ്പരം ഇഷ്ടികച്ചൂളകളാണ് പ്രവർത്തിച്ചിരുന്നത്. ഓരോ ചൂളയിലും 30 മുതൽ 40 വരെ തൊഴിലാളികൾ ജോലി ചെയ്തിരുന്നു. ഈ വ്യവസായവുമായി ബന്ധപ്പെട്ട് ചെളികുത്ത് തൊഴിലാളികൾ, വള്ളത്തൊഴിലാളികൾ, ലോറി തൊഴിലാളികൾ തുടങ്ങിയവരും സജീവമായിരുന്നു.
ആദ്യകാലങ്ങളിൽ കാളവണ്ടിയിലും വള്ളങ്ങളിലും കയറ്റിയാണ് മാലുമേൽ ഇഷ്ടിക കരുനാഗപ്പള്ളിയുടെ തീരദേശ ഗ്രാമങ്ങളായ പൊന്മന, വെള്ളനാതുരുത്ത്, പണ്ടാര തുരുത്ത്, ചെറിയഴീക്കൽ, അഴീക്കൽ എന്നിവിടങ്ങളിലും കാർത്തികപ്പള്ളി താലൂക്കിലെ ആറാട്ടുപുഴ തൃക്കുന്നപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലും എത്തിച്ചിരുന്നത്. ഓലപ്പുരകളായിരുന്നു അക്കാലത്ത് ഏറെയും. സാമ്പത്തിക സ്ഥിതി മെച്ചമായിട്ടുള്ളവർക്കേ ഇഷ്ടിക കൊണ്ടുള്ള വീടു നിർമ്മിക്കാൻ കഴിയുമായിരുന്നുള്ളൂ. സാമ്പത്തിക ശേഷി കുറഞ്ഞവർ 'വാട്ടക്കട്ട' കെട്ടിയാണ് വീട് പണിഞ്ഞിരുന്നത്. ഇഷ്ടിക ചുട്ടെടുക്കുമ്പോൾ പൂർണമായി വേവാതെ വരുന്ന ഇഷ്ടികകളാണ് വാട്ടക്കട്ടകൾ എന്നറിയപ്പെടുന്നത്. ഇത് കുറഞ്ഞ വിലയ്ക്കാണ് വിറ്റിരുന്നത്.
നഷ്ടം സഹിച്ചും ഇഷ്ടിക
വ്യവസായം നടത്തുന്ന സലീം
പഴയ രീതിയിലുള്ള മാലുമേൽ ഇഷ്ടിക വ്യവസായം ഇപ്പോഴും നടത്തുന്ന വ്യക്തിയാണ് മാലുമേൽ കടവിൽ വീട്ടിൽ സലീം. ഇദ്ദേഹത്തിന്റെ പിതാവ് അഹമ്മദ് കുഞ്ഞിന്റെ കാലം മുതൽ നടത്തിവന്ന ഇഷ്ടിക വ്യവസായത്തിൽ മക്കൾ ആറു പേരും പിന്നീട് സജീവമായി. എന്നാൽ ഇപ്പോൾ സലീമും സഹോദരൻ ഹാരിസും മാത്രമേ രംഗത്തുള്ളൂ. ഉത്പാദിപ്പിക്കുന്ന ഇഷ്ടിക ഇപ്പോൾ വിറ്റു പോകുന്നില്ലെന്ന് സലീം പറയുന്നു. പ്രവർത്തനത്തിലുള്ള 10 കമ്പനികളിലെയും സ്ഥിതി ഇതുതന്നെ.
ചുടുകട്ടയുടെ സ്ഥാനം കോൺക്രീറ്റ് കട്ടകൾ കൈയടക്കിയതാണത്രെ ഇതിന് കാരണം. നല്ല കട്ട ഉത്പാദിപ്പിച്ച് ന്യായവിലയ്ക്ക് വിറ്റാൽ ഈ വ്യവസായത്തിന് ഇനിയും ഭാവിയുണ്ടെന്നാണ് സലീം കരുതുന്നത്. അസംസ്കൃത
വസ്തുക്കൾ ലഭിക്കുന്നതിനുണ്ടായ തടസമാണ് ഈ
വ്യവസായത്തെ തകർച്ചയിലേക്ക് നയിച്ചത്. താരതമ്യേനെ കുറഞ്ഞകൂലി അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പടെയുള്ളവരെ ഈ മേഖലയിൽ നിന്നകറ്റി.
മാലുമേൽ കട്ട നിർമ്മാണം
മാലുമേൽ പ്രദേശത്തിന്റെ ഓരം ചേർന്നൊഴുകുന്ന പള്ളിക്കലാറ്റിൽ നിന്നും ആറിന്റെ വശങ്ങളിലെ നിലങ്ങളിൽ നിന്നും കുഴിച്ചെടുക്കുന്ന ചെളിയും ഒരു നിശ്ചിത അളവിൽ പൂഴിമണ്ണും കൂട്ടി കലർത്തിയാണ് മാലുമേൽ കട്ട നിർമ്മിച്ചിരുന്നത്. ചെളിയും മണ്ണും കൂട്ടിക്കലർത്തി വെള്ളം ചേർത്ത് ചവിട്ടിക്കുഴച്ച് കൂനകളാക്കും. ഇത് മരം കൊണ്ടു നിർമ്മിച്ച അച്ചിനുള്ളിൽ കൈ കൊണ്ട് വാരി നിറയ്ക്കും. തുടർന്ന് അച്ചിനുള്ളിലെ കട്ട വേർപെടുത്തി ഉണങ്ങാൻ
വയ്ക്കും. ഒരാഴ്ചയോളം വെയിലിൽ ഉണക്കിയ കട്ട പിന്നീട് ശാസ്ത്രീയമായ രീതിയിൽ ചൂളയിൽ അടുക്കും. ചൂളയുടെ നാലു വശങ്ങളിലായുള്ള അടുപ്പുകളിൽ വിറക് കത്തിച്ച് ഇഷ്ടിക വേവിക്കും. മുൻകൂർ പണം നൽകി ഇഷ്ടികയ്ക്ക് കാത്തിരുന്നവർ മുമ്പ് ധാരാളമുണ്ടായിരുന്നു.