പരവൂർ: കൊല്ലം ജില്ലയിലെ 2017-18ലെ മികച്ച രണ്ടാമത്തെ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പൂതക്കുളം ഗ്രാമപഞ്ചായത്തിന് ലഭിച്ചു. 2017-18 സാമ്പത്തിക വർഷം നടപ്പിലാക്കിയ നൂതന പദ്ധതികൾ, സർക്കാരിൽ നിന്ന് ലഭിച്ച ഫണ്ടുകളുടെ ഫലപ്രദമായ വിനിയോഗം തുടങ്ങിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്.
തൃശൂരിൽ നടന്ന പഞ്ചായത്ത് ദിനാഘോഷത്തിന്റെ സമാപന സമ്മേളനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീനിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീകുമാർ സെക്രട്ടറി വി.ജി. ഷീജ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി. ജോയി, വി. അശോകൻ പിള്ള, ജി.എസ്. ശ്രീലക്ഷ്മി എന്നിവർ ചേർന്ന് ട്രോഫി ഏറ്റുവാങ്ങി.
ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനായി നടപ്പിലാക്കിയ നിർമ്മല ഗ്രാമം പദ്ധതി, ജില്ലയിൽ ആദ്യമായി എല്ലാ പ്രൈമറി സ്കൂളുകളും ഹൈടെക് ആക്കി മാറ്റിയ പഞ്ചായത്ത് എന്നിവ പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെ സവിശേഷതകളാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യ ആംബുലൻസ് പദ്ധതി നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ പഞ്ചായത്ത് എന്ന പരിഗണനയും പൂതക്കുളം പഞ്ചായത്തിന് ലഭിച്ചു. മാനസിക, ശാരീരിക വൈകല്യമുള്ളവർക്കായി പ്രവർത്തനമാരംഭിച്ച പകൽ പരിചരണ കേന്ദ്രത്തിന്റെ മികവുറ്റ പ്രവർത്തനങ്ങൾ, നിർദ്ധനരായ വിദ്യാർത്ഥികൾക്ക് സൗജന്യ കലാപഠനത്തിന് കലാക്ഷേത്രം പദ്ധതി എന്നിവയും അവാർഡ് ലഭിക്കുന്നതിന് കാരണമായി.
പഞ്ചായത്തിന് കൃഷിഭവൻ, ഹോമിയോ ആശുപത്രി, ആരോഗ്യ ഉപകേന്ദ്രം, അംഗൻവാടികൾ എന്നിവ നിർമ്മിക്കുന്നതിനായി ഈ വർഷം ഭൂമി വാങ്ങിയിട്ടുണ്ട്. കൂടാതെ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള എല്ലാ ഓഫീസുകൾക്കും കെട്ടിടം നിർമ്മിക്കുന്ന പദ്ധതിയും പരിഗണനയിലാണ്.