photo
ഗണേശ് മെമ്മോറിയൽ ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച 7-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഷോർട്ട് ഫിലിം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലൂസയുടെ സംവിധായകരായ അജോയ്, രാമൻ എന്നിവർ ഗണേശ് ഗ്രന്ഥശാലാ പുരസ്കാരം സംവിധായകൻ ഡോ. ബിജുവിൽ നിന്ന് ഏറ്റുവാങ്ങുന്നു

പാരിപ്പള്ളി: ചലച്ചിത്ര അക്കാഡമിയുടെയും ഫെഡറേഷൻ ഒഫ് ഫിലിം സൊസൈറ്റീസ് ഒഫ് ഇന്ത്യയുടെയും സഹകരണത്തോടെ പാരിപ്പള്ളി ഗണേശ് മെമ്മോറിയൽ ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച 7-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള സമാപിച്ചു. സമാപന സമ്മേളനം സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് യു.പി, എച്ച്.എസ്, കോളേജ് തല വായനാമത്സര വിജയികൾക്കുള്ള ട്രോഫികളും കാഷ് അവാർഡുകളും അദ്ദേഹം വിതരണം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഷോർട്ട് ഫിലിം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലൂസ, രണ്ടാം സ്ഥാനം നേടിയ കുഞ്ഞാപ്പി, സ്പെഷ്യൽ ജൂറി അവാർഡിനർഹമായ നിഴലാണ് എന്റെ അച്ചൻ എന്നിവയുടെ സംവിധായകരായ അജോയ്, രാമൻ, വിശാൽ വിശ്വനാശ്, മണിവർണ്ണൻ എന്നിവർക്കുള്ള ഗണേശ് ഗ്രന്ഥശാലാ പുരസ്കാരങ്ങൾ സംവിധായകൻ ഡോ. ബിജു വിതരണം ചെയ്തു. ഫിലിം സൊസൈറ്റി സെക്രട്ടറി സതീശൻ, സദാനന്ദൻ, സതീഷ്ബാബു, ബിജു നെട്ടറ, രാജേഷ് ബാബു, അഴകേശൻ എന്നിവർ പങ്കെടുത്തു.