പുനലൂർ: വിനോദസഞ്ചാരികളെ ആകർഷിക്കാൻ തെന്മല ശെന്തുരുണി വന്യജീവി സങ്കേതത്തിലെ ജലാശയത്തിൽ കുട്ടവഞ്ചി, മുളച്ചങ്ങാടം എന്നിവ ഉപയോഗിച്ചുളള സവാരി ഒരുങ്ങി. ഇവയുടെ പ്രവർത്തനോദ്ഘാടനം 24ന് വൈകിട്ട് 4ന് മന്ത്രി കെ. രാജു നിർവഹിക്കും. കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലൈലാബീവി അദ്ധ്യക്ഷത വഹിക്കും. പക്ഷിനിരീക്ഷണം അടിസ്ഥാനമാക്കിയുള്ള ട്രക്കിംഗും രാത്രിയിൽ താമസിക്കുന്നവർക്ക് മുള കൊണ്ട് പണിത കോട്ടേജുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
വനം വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. തെന്മല പരപ്പാർ അണക്കെട്ട് പ്രദേശമായ പള്ളംവെട്ടി ജലാശയത്തിലാണ് 10 കുട്ടവഞ്ചിയും 10 മുളച്ചങ്ങാടവും സജ്ജീകരിച്ചത്. 4 പേർക്ക് ഒരേ സമയം യാത്ര ചെയ്യാവുന്ന തരത്തിലുള്ള കുട്ട വഞ്ചികളാണുള്ളത്. മുളച്ചങ്ങാടത്തിലാകട്ടെ 12 പേർക്ക് സവാരി നടത്താം.
അണക്കെട്ടിന്റെ റിസർവോയറിലൂടെ സഞ്ചരിച്ച് പക്ഷികളെയും മൃഗങ്ങളെയും നേരിൽ കാണാനാണ് ഈ സംവിധാനങ്ങൾ. നിലവിൽ ബോട്ടിംഗ്, ട്രക്കിംഗ്, ജീപ്പ്, ബസ് സവാരികൾക്ക് പുറമേ ജംഗിൾ സ്റ്റേ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. പുതിയ മാറ്റങ്ങൾ കൂടുതൽ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.