cashew-coporation
കാഷ്യു കോർപ്പറേഷൻ ആസ്ഥാന മന്ദിരം

ആഘോഷങ്ങൾ 26ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

തൊഴിലാളികളുടെ ക്ഷേമത്തിനായി നൂതന പദ്ധതികൾ നടപ്പാക്കും

കൊല്ലം: കശുഅണ്ടി വ്യവസായത്തിൽ പുതുയുഗം കുറിച്ച കശുഅണ്ടി വികസന കോർപ്പറേഷൻ സുവർണ ജൂബിലി നിറവിൽ. 1969ൽ ആരംഭിച്ച കോർപ്പറേഷൻ അമ്പത് വർഷം പിന്നിടുമ്പോൾ വ്യവസായവും തൊഴിലും സംരക്ഷിക്കുന്നതിനായി ആഗോളതലം മുതൽ പ്രാദേശികതലം വരെ ഒരുവർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കാണ് അധികൃതർ ലക്ഷ്യമിടുന്നത്.

26ന് രാവിലെ 10ന് പാൽക്കുളങ്ങര ഫാക്ടറി അങ്കണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, എം.ഡി രാജേഷ് രാമകൃഷ്‌ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രിക്കൊപ്പം പഴയകാല 50 തൊഴിലാളികൾ 50 കശുമാവ് തൈകൾ നട്ടുകൊണ്ടാകും ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക. തുടർന്ന് കോർപ്പറേഷന്റെ രൂപീകരണ കാലത്തെ 50 തൊഴിലാളികളെയും ജീവനക്കാരെയും ആദരിക്കും. യോഗത്തിൽ മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ അദ്ധ്യക്ഷത വഹിക്കും. മന്ത്രി കെ. രാജു, എം.പിമാർ, എം.എൽ.എമാർ, ജനപ്രതിനിധികൾ, ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

30 ഫാക്‌ടറികളും 12000 തൊഴിലാളികളുമാണ് കോർപ്പറേഷന് കീഴിലുള്ളത്.

ഏറ്റവും കൂടുതൽ മൂല്യവർദ്ധിത ഉൽപന്നങ്ങൾ വിപണിയിൽ ഇറക്കുന്ന സ്ഥാപനം എന്ന നിലയിൽ കഴിഞ്ഞ രണ്ടു വർഷവും കേന്ദ്ര വാണിജ്യകാര്യ മന്ത്രാലയത്തിന്റെ മൂല്യ വർദ്ധിത ഉൽപന്നങ്ങളുടെ ഉൽപാദനത്തിനും വിപണനത്തിനുമുള്ള പുരസ്‌കാരം കോർപ്പറേഷനാണ് ലഭിക്കുന്നത്.

വരുന്നു കൂടുതൽ പരിഷ്കാരങ്ങൾ

ആഘോഷങ്ങളുടെ ഭാഗമായി കോർപ്പറേഷൻ ഫാക്‌ടറികൾ നവീകരിച്ച് ജൂബിലി സ്‌മാരക മന്ദിരങ്ങളാക്കും. നവീകരിക്കുന്നവയിൽ കുട്ടികൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ സ്നേഹക്കൂട്, തൊഴിലാളികൾക്ക് പഠനമുറി, വിശ്രമത്തിനും ഭക്ഷണത്തിനുമുള്ള പ്രത്യേക സൗകര്യം, ശൗചാലയം, ഷെല്ലിംഗ്, പീലിംഗ്, ഗ്രേഡിംഗ് എന്നിങ്ങനെ മൂന്ന് തൊഴിലിടങ്ങൾ, ഫാക്ടറിയോട് ചേർന്ന് കശുമാവ് പാർക്ക്, കാന്റീൻ എന്നിവയും ഉണ്ടാകും. കൂടാതെ ഫാക്ടറികളോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി മിതമായ വിലയിൽ കശുഅണ്ടി പരിപ്പും മൂല്യവർദ്ധിത ഉൽപന്നങ്ങളും ലഭ്യമാക്കാൻ ഔട്ട്‌ലറ്റുകളും ഉണ്ടാക്കും. നിലവിലുള്ള മൂല്യവർദ്ധിത ഉൽപന്നങ്ങൾക്ക് പുറമെ 32 ഉൽപന്നങ്ങൾ കൂടി വിപണിയിലിറക്കും.

സർക്കാരിന്റെ ആയിരം ദിനത്തിൽ ആയിരം തൊഴിലാളികൾക്ക് കൂടി നിയമന ഉത്തരവ് നൽകും. അടുത്ത മാസം മുതൽ മുടക്കമില്ലാതെ തൊഴിലാളികൾക്ക് ജോലി നൽകും. കോർപ്പറേഷന്റെ ആദ്യ ഫാക്ടറിയായ കൊട്ടിയത്ത് കശുമാവ് പ്രദർശന തോട്ടവും കാഷ്യു മ്യൂസിയവും സ്ഥാപിക്കും. തൊഴിലാളികൾക്കായി കായിക - കലാ ഗ്രൂപ്പുകൾക്ക് രൂപം നൽകും. തൊഴിലില്ലാത്ത ദിവസങ്ങളിൽ സ്വയം തൊഴിൽ കണ്ടെത്താൻ പരിശീലനം, തൊഴിലാളികൾക്കായി കായിക കലാ മേളകൾ എന്നിവയും സംഘടിപ്പിക്കും. സ്വയം തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായി ജൈവകൃഷി, കശുമാവ് നഴ്‌സറി, കശുമാവ് കൃഷി എന്നിവ ഫാക്‌ടറി വളപ്പിൽ നടത്തുന്നുണ്ട്. ഈ വർഷം അഞ്ചു ലക്ഷം കശുമാവ് തൈ ഉൽപാദിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

എസ്. ജയമോഹൻ,

ചെയർമാൻ കശുഅണ്ടി വികസന കോർപ്പറേഷൻ