പത്തനാപുരം: ശബരി ബൈപാസിൽ പിടവൂർ മുട്ടത്ത് കടവ് പാലത്തിന് സമീപം ഗർഭാവസ്ഥയിലുള്ള പശുക്കിടാങ്ങളുടേതുൾപ്പടെയുള്ള അറവ് മാലിന്യ നിക്ഷേപം വ്യാപകം. പത്തനാപുരം മേഖലയിൽ നിരവധി അനധികൃത അറവ് ശാലകളുണ്ട്. കഴിഞ്ഞ ആഴ്ച അറവ് മാലിന്യ അവശിഷ്ടങ്ങൾ തള്ളാനെത്തിയവരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ചിരുന്നു. വെള്ളിയാഴ്ച്ച പുലർച്ചെയോടെയാണ് പാലത്തിൽ അറവ് മാലിന്യം കണ്ടത്. കശാപ്പ് ചെയ്ത പശുവിന്റെ ഉദരത്തിലുണ്ടായിരുന്ന രണ്ട് കിടാങ്ങളുടെ ശവം ഉൾപ്പെടെയുള്ള അവശിഷ്ടങ്ങളാണ് തള്ളിയത്. കല്ലട ആറ്റിൽ അവശിഷ്ടങ്ങൾ തള്ളാനെത്തിയവർ പാലത്തിൽ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതാവാമെന്നാണ് കരുതുന്നത്. തലവൂർ, പത്തനാപുരം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായതിനാൽ മാലിന്യം നീക്കാൻ പഞ്ചായത്തധികൃതരും തയ്യാറായില്ല. ഇതിനു തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന കൃഷി ഓഫീസിൽ നൂറ് കണക്കിനാളുകളാണ് ദിവസവും വിവിധ ആവശ്യങ്ങൾക്കായെത്തുന്നത്. അറവ് മാലിന്യത്തിന്റെ ദുർഗന്ധം ഈ പ്രദേശത്താകെ പടരുന്നുണ്ട്.
ഇറച്ചിക്കട ലേലത്തിൽ ലക്ഷങ്ങളുടെ വരുമാനം പഞ്ചായത്തുകൾക്ക് ലഭിക്കുമെന്നിരിക്കേ മിക്ക പഞ്ചായത്തുകളിലും ലേലം നടത്താതെ അനധികൃത അറവ് ശാലകളെ സഹായിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നതെന്ന ആക്ഷേപവുമുണ്ട്. അറവ് മാലിന്യം റോഡ് വശങ്ങളിൽ നിക്ഷേപിക്കുന്നത് സാംക്രമിക രോഗങ്ങൾ പടർത്തുന്നതിനൊപ്പം തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാവാനും കാരണമാവും.
മാലിന്യം തള്ളുന്നത് കല്ലട ആറ്റിലേയ്ക്ക്
നിരവധി കുടിവെള്ള പദ്ധതികളുള്ള കല്ലടയാറിന് കുറുകെയാണ് മുട്ടത്ത് കടവ് പാലം. കല്ലട ആറ്റിലേയ്ക്കാണ് അവശിഷ്ടങ്ങൾ തള്ളുന്നത്. രാത്രിയിൽ വാഹനം ഓടികൊണ്ടിരിക്കുമ്പോൾ ആറ്റിലേയ്ക്ക് അവശിഷ്ടങ്ങൾ വലിച്ചെറിയുകയാണ് പതിവ്.
നടപടിയില്ല
അറവ് മാലിന്യം പൊതുനിരത്തിൽ നിക്ഷേപിക്കുന്നത് പതിവായിട്ടും അധികൃതർ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ല എന്ന ആക്ഷേപം ശക്തമാണ്. പത്തനാപുരം പുനലൂർ റോഡിൽ കടയ്ക്കാമൺ, നാരങ്ങാപുറം ഭാഗങ്ങളിലും മുക്കടവ് അടൂർ റോഡിൽ പുതുവൽ, ചാങ്കൂർ ഭാഗങ്ങളിലും അറവ് മാലിന്യം നിക്ഷേപിക്കുന്നത് പതിവാണ്.