udf-media-war-room
udf media war room

കൊല്ലം:പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കാൻ 20 പാർലമെന്റ് മണ്ഡലം കേന്ദ്രങ്ങളിലും മീഡിയ വാർ റൂമുകൾ തുറക്കുമെന്ന് കെ.പി.സി.സി മീഡിയ കമ്മിറ്റി കോ ഓർഡിനേറ്റർ പാലോട് രവി കൊല്ലത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോ ഓർഡിനേറ്ററടക്കം 35 കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇതിൽ പ്രവർത്തിക്കാൻ ഓരോ നിയമസഭാ മണ്ഡലത്തിൽ നിന്നും ഒരാളെ വീതം തിരഞ്ഞെടുക്കും.

ഓരോ നിമിഷവും പൊട്ടിപ്പുറപ്പെടുന്ന വാർത്തകൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാനും പ്രസംഗിക്കാൻ നേതാക്കൾക്ക് ലഭ്യമാക്കുകയും ചെയ്യും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഓരോ മണ്ഡലങ്ങളിലും എത്തുന്ന നേതാക്കളുടെ വിവരങ്ങളും സമയവും വാർ റൂമിൽ നിന്ന് മാദ്ധ്യമങ്ങൾക്ക് ലഭ്യമാക്കും. മീഡിയ റൂമുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് മാർച്ച് ആറിന് തിരുവനന്തപുരം കെ.പി.സി.സി ആസ്ഥാനത്തെ രാജീവ്ഗാന്ധി ആഡിറ്റോറിയത്തിൽ മാദ്ധ്യമ ശില്പശാല സംഘടിപ്പിക്കും. 200 ഓളം പേർ പങ്കെടുക്കും. മുതിർന്ന മാദ്ധ്യമപ്രവർത്തകർ ശില്പശാലയ്‌ക്ക് നേതൃത്വം നൽകുമെന്നും പാലോട് രവി പറഞ്ഞു.