ഉദ്ഘാടനം നാളെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ വഴിയോര വിശ്രമ കേന്ദ്രമായ 'തണ്ണീർ പന്തൽ' ഉദ്ഘാടനത്തിനൊരുങ്ങി. കൊട്ടാരക്കര-ശാസ്താംകോട്ട റോഡിൽ പുത്തൂർ പാങ്ങോട് ജംഗ്ഷനിൽ പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് ഓഫീസിനോട് ചേർന്നാണ് തണ്ണീർ പന്തൽ ഒരുക്കിയത്. ജില്ലാ പഞ്ചായത്തംഗം എസ്.പുഷ്പാനന്ദന്റെ ശ്രമഫലമായി അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് വേറിട്ട വഴിയോര വിശ്രമകേന്ദ്രം നിർമ്മിച്ചത്. കെട്ടിട നിർമ്മാണത്തിന് 20 ലക്ഷം രൂപയും മറ്റ് സൗകര്യങ്ങളൊരുക്കാൻ 5 ലക്ഷവും ചെലവായി. പുലർച്ചെ മുതൽ രാത്രി 11 വരെയാകും ഇവിടം പ്രവർത്തിക്കുക. ജില്ലാ പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും മേൽനോട്ടത്തിൽ സ്വകാര്യ വ്യക്തിയ്ക്ക് 5 വർഷത്തെ കരാർ വ്യവസ്ഥയിൽ നടത്തിപ്പ് ചുമതല നൽകിയാണ് തണ്ണീർ പന്തൽ പ്രവർത്തിക്കുക. ദീർഘദൂര യാത്രക്കാർക്ക് വിശ്രമിക്കാനൊരു സങ്കേതം എന്ന നിലയിലാണ് പദ്ധതി തയ്യാറാക്കിയത്. യാത്രാക്ഷീണം മാറ്റാനും ഭക്ഷണം കഴിക്കാനും ശുചിമുറികൾ ഉപയോഗിക്കാനും സൗകര്യമുണ്ട്. ഇത് വലിയ തോതിൽ യാത്രക്കാർക്ക് ഗുണംചെയ്യും. ജില്ലയിൽ മറ്റ് അഞ്ച് ഇടങ്ങളിൽ തണ്ണീർപന്തൽ നിർമ്മിക്കുന്നുണ്ട്. ആദ്യം പൂർത്തിയായത് പുത്തൂരിലേതാണ്.
സവിശേഷതകൾ
വഴിയാത്രക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യം. ഒപ്പം റെസ്റ്റോറന്റ് പ്രവർത്തിക്കും. ടോയ്ലറ്റ് സംവിധാനങ്ങൾ, മുലയൂട്ടൽ കേന്ദ്രം, എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടർ എന്നിവയും ഇതിന്റെ ഭാഗമായുണ്ടാകും. ടി.വി അടക്കമുള്ള മറ്റ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടനം ഇന്ന്
തണ്ണീർപന്തലിന്റെ ജില്ലാതല ഉദ്ഘാടനം പുത്തൂർ പാങ്ങോട്ട് 26ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് എസ്.വേണുഗോപാൽ, അംഗം എസ്.പുഷ്പാനന്ദൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യാകൃഷ്ണൻ, വൈസ് പ്രസിഡന്റ് വി.രാധാകൃഷ്ണൻ(ഉണ്ണി), ഗ്രാമ-ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ സംസാരിക്കും.
വഴിയാത്രക്കാർക്ക് സുരക്ഷിത ഇടം
(എസ്.പുഷ്പാനന്ദൻ, ജില്ലാപഞ്ചായത്തംഗം)
ദീർഘദൂര യാത്രക്കാർക്ക് സുരക്ഷിതമായ വിശ്രമ സങ്കേതമായി തണ്ണീർപന്തൽ മാറും. നിബന്ധനകളോടെയാണ് നടത്തിപ്പ് ചുമതല നൽകുന്നത്. ഏത് നിമിഷവും പൊലീസിന്റെ സേവനവും ഉറപ്പാക്കും. വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും മറ്റ് അടിയന്തിര ആവശ്യങ്ങൾക്കുമുള്ള ഇടമൊരുക്കുന്ന തണ്ണീർപന്തൽ ജില്ലാ പഞ്ചായത്തിന്റെ മാതൃകാ പദ്ധതിയാണ്.