photo
ജനമഹായാത്രയുടെ പ്രചരണാർത്ഥം സ്ഥാപിച്ച കുറ്റൻ കമാനം.

കരുനാഗപ്പള്ളി: കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രക്ക് വരവേല്പ് നൽകാനുള്ള പ്രചരണ പ്രവർത്തനങ്ങൾക്ക് കരുനാഗപ്പള്ളിയിൽ തുടക്കമായി. 26 ന് രാവിലെ 10 മണിക്കാണ് ജനമഹാ യാത്ര കരുനാഗപ്പള്ളിയിലെത്തുന്നത്. യാത്രയുടെ പ്രചരണാർത്ഥം കൂറ്റൻ കമാനങ്ങൾ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്ന് കഴിഞ്ഞു. കരുനാഗപ്പള്ളി ടൗൺ കൊടി തോരണങ്ങൾ കൊണ്ട് അലങ്കരിച്ചു. ബൂത്ത് കമ്മിറ്രികൾ കേന്ദ്രീകരിച്ച് ഫ്ലക്സ് ബോർഡുകളും കൊടി തോരണങ്ങളും സ്ഥാപിച്ച് കഴിഞ്ഞു. കെ.പി.സി.സിയുടെ ലഘുലേഖകളുമായി പ്രവർത്തകർ വീട് വീടാന്തരം കയറിയിറങ്ങുകയാണ്. നിയോജക മണ്ഡലത്തിൽ നിന്ന് 5000 പ്രവർത്തകരെ പങ്കെടുപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 26 ന് രാവിലെ ശാസ്താംകോട്ടയിലെ സ്വീകരണത്തിന് ശേഷം കല്ലുകടവിൽ എത്തുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് ആനയിക്കും. ടൗണിൽ നിന്ന് തുറന്ന ജീപ്പിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സമ്മേളന വേദിയിലേക്ക് ആനയിക്കുന്നത്. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ കോൺഗ്രസിന്റെ സംസ്ഥാന നേതാക്കൾ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ എൻ. അജയകുമാർ, നീലികുളം സദാനന്ദൻ, എം. അൻസാർ, ചിറ്റുമൂല നാസർ, ഷിബു എസ്. തൊടിയൂർ എന്നിവർ പങ്കെടുത്തു.