wedding

കൊല്ലം: കടൽകടന്നെത്തിയ പ്രണയത്തിന് കൊല്ലത്തിന്റെ മണ്ണിൽ സാഫല്യമായപ്പോൾ ഈജിപ്തിൽ നിന്നൊരു മരുമകൾ മലയാളത്തിന് സ്വന്തം. കൊല്ലം പോളയത്തോട് കാരുവള്ളിൽ വീട്ടിൽ കെ.വി. തോമസിന്റെയും സോഫി തോമസിന്റെയും മകൻ അരുൺ വർഗീസ് തോമസാണ് ഈജിപ്തുകാരി ലെമീസ് എമിലിനെ ജീവിതസഖിയാക്കിയത്. കൊച്ചിയിൽ ഒയോ ഹോട്ടൽ ബിസിനസിന്റെ ഭാഗമായി ജോലി ചെയ്തുവരികയാണ് അരുൺ. എമിൽ ബുഷ്റ- മെർവാത്ത് ദമ്പതികളുടെ മകളാണ് ലെമീസ് എമിൽ.

അരുൺ 2016ൽ ഈജിപ്തിൽ ലാവ ഇന്റർനാഷണൽ കമ്പനിയിൽ ജോലി ചെയ്തിരുന്നപ്പോഴാണ് അവിടുത്തെ ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന ലെമീസിനെ കണ്ടുമുട്ടിയത്. അന്ന് തുടങ്ങിയ സൗഹൃദത്തിനിടയിൽ പ്രണയം മൊട്ടിട്ടു. ഭാഷയും മതവും രാജ്യാതിർത്തികളുമൊക്കെ പ്രണയത്തിന് മുന്നിൽ മുട്ടുമടക്കി. ഈജിപ്തിനോട് സലാം പറഞ്ഞ് അരുൺ കേരളത്തിലേക്ക് തിരികെപ്പോന്നപ്പോഴും പ്രണയത്തിന്റെ ഇഴയടുപ്പം കുറഞ്ഞില്ല.

വിവാഹത്തെപ്പറ്റി ചിന്തിച്ചത് അപ്പോഴാണ്. കടലിനക്കരെ മൊട്ടിട്ട പ്രണയത്തോട് യോജിക്കാൻ വീട്ടുകാർക്ക് ആദ്യം മനസുണ്ടായില്ല. എന്നാൽ പ്രണയത്തിന്റെ തീവ്രാവസ്ഥ ബോദ്ധ്യപ്പെട്ടതോടെ മഞ്ഞുരുകി. ഈ മാസം 16ന് ഈജിപ്തിലെ കെയ്റോയിൽ വച്ചായിരുന്നു വിവാഹം. കേരളത്തിൽ നിന്ന് ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാൻ കടൽ കടന്നത്. ഇന്നലെ അരുണിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂട്ടി ഹോട്ടൽ റാവിസിൽ വിവാഹ സത്കാരമൊരുക്കി.

തനത് കേരളീയ ശൈലിയും ഒപ്പം വെസ്റ്റേണും ഇടകലർത്തിയാണ് ആഘോഷ പരിപാടികളൊരുക്കിയത്. വെസ്റ്റേൺ ബാൻഡും ഡാൻസുമൊക്കെ കാഴ്ചക്കാർക്കും ഹരമായി മാറി. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ കൗൺസിലർ ബി. പ്രതാപിന്റെ ഉടമസ്ഥതയിലുള്ള ഡിലൈറ്റ് ഇവന്റ്സ് ആൻഡ് പ്രൊമോഷൻസിന്റെ നേതൃത്വത്തിലാണ് റാവിസ് ഹോട്ടലിൽ വേറിട്ട രീതിയിലുള്ള വിവാഹ സത്കാര ചടങ്ങുകൾ ഒരുക്കിയത്. ലെമീസിന്റെ മാതാപിതാക്കളും എത്തിയിരുന്നു. ലെമീസിന് മരിയൻ, സിൽവാന എന്നീ സഹോദരിമാരുമുണ്ട്.

കേരളത്തിന്റെ വിശേഷങ്ങൾ അരുണിലൂടെ ലെമീസ് ഒരുപാട് കേട്ടിട്ടുണ്ട്. ഇന്റർനെറ്റിലൂടെ കണ്ടതൊക്കെയും മനസിൽ നിറഞ്ഞ് നിൽക്കുകയുമാണ്. ഇനി അവയൊക്കെ കാണണമെന്നുണ്ട്. അരുണിന്റെ കൈപിടിച്ച് കുറച്ച് ദിവസങ്ങൾ നാട് ചുറ്റണം. പിന്നെ മാർച്ച് രണ്ടാം വാരത്തോടെ ഇരുവരും ജോലിക്കായി ദുബായിലേക്ക് പറക്കും.