തീരദേശ വികസന കോർപ്പറേഷൻ രൂപരേഖ തയ്യാറാക്കി
കൊല്ലം: കടൽ കയറ്റം അതിരൂക്ഷമായ താന്നി മുതൽ കൊല്ലം ബീച്ചു വരെയുള്ള നാല് കിലോ മീറ്റർ തീരത്ത് 23 പുലിമുട്ടുകൾ ഉയരും. 37.40 കോടി രൂപ നിർമ്മാണ ചെലവിലാണ് പുലിമുട്ട് നിർമ്മാണം നടക്കുക. തീരദേശ വികസന കോർപ്പറേഷനാണ് ഇതിനായി രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. ഹാർബർ എൻജിനിയറിംഗ് വകുപ്പിനാണ് നിർമ്മാണ ചുമതല.
ജില്ലയിൽ കടലാക്രമണം ഏറ്റവും രൂക്ഷമായ മേഖലയാണ് താന്നി മുതൽ കൊല്ലം ബീച്ച് വരെയുള്ള ഭാഗം. മാനം കറുത്ത് തുടങ്ങുമ്പോൾ തന്നെ തീരത്തുള്ളവരെ മാറ്റിപ്പാർപ്പിക്കേണ്ട അവസ്ഥയാണ് ഇവിടെയുള്ളത്. ദുരിതാശ്വാസ കേന്ദ്രങ്ങളിൽ അഭയം തേടി മടുത്ത തീരദേശവാസികൾ അടുത്തിടെയായി അധികൃതർ നിർബന്ധിച്ചാലും വീട് വിട്ട് പോകാറില്ല. ഓഖി വീശിയടിച്ചപ്പോൾ തീരത്തെ നിരവധി വീടുകൾ തകർന്നതിന് പുറമെ പ്രദേശത്തെ തീരദേശ റോഡും പലയിടങ്ങളിലും കടലെടുത്തിരുന്നു.
നിർമ്മാണം ഇങ്ങനെ
ഓരോ പ്രദേശത്തെയും മണൽ നീക്കത്തിന്റെ അളവനുസരിച്ച് 100 മുതൽ 50 മീറ്റർ വരെയാകും പുലിമുട്ടുകളുടെ നീളം. ഒരു പുലിമുട്ടിന്റെ നീളത്തിന്റെ രണ്ടര മുതൽ മൂന്ന് ഇരട്ടി വരെ അകലത്തിലായിരിക്കും അടുത്തത് സ്ഥാപിക്കുക. സമുദ്ര നിരപ്പിൽ നിന്ന് 3.5 മുതൽ 4.5 മീറ്റർ വരെ ഉയരമുണ്ടാകും. സമുദ്രനിരപ്പിനേക്കാൾ രണ്ടര മീറ്റർ ആഴത്തിൽ നിന്നാകും പുലിമുട്ട് തുടങ്ങുക. രണ്ട് ടൺ ഭാരമുള്ള സിമെന്റ് ടെട്രോപോഡുകൾ കൊണ്ടാകും 3 മീറ്റർ വീതിയിൽ മുകൾ ഭാഗത്തെ സമതലം.
പദ്ധതിക്ക് കിഫ്ബി നേരത്തെ പ്രാഥമികാംഗീകാരം നൽകിയിരുന്നു. തീരദേശ വികസന കോർപ്പറേഷൻ തയ്യാറാക്കിയ രൂപരേഖയിൽ കിഫ്ബി ബോർഡ് നിർദ്ദേശിച്ച പ്രകാരമുള്ള മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. നാളെയും 27നുമായി ചേരുന്ന കിഫ്ബി ബോർഡ് യോഗം പദ്ധതിക്ക് സാങ്കേതിക അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനുമതി ലഭിച്ചാലുടൻ ടെണ്ടർ നടപടികൾ പൂർത്തിയാക്കി നിർമ്മാണത്തിലേക്ക് കടക്കും.
എം. നൗഷാദ് എം.എൽ.എ