photo
നയനയുടെ അഴിക്കലെ കുടുംബവീട്.

കരുനാഗപ്പള്ളി: അഴീക്കൽ എന്ന ചെറുഗ്രാമത്തിൽ നിന്ന് ഉദിച്ചുയർന്ന സഹസംവിധായിക നയനയ്ക്ക് (28) ജന്മനാടിന്റെ കണ്ണീർ പ്രണാമം. അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്നലെ വൈകിട്ട് നയനയുടെ മൃതദേഹം അഴീക്കലെ വീട്ടുവളപ്പിൽ വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ സംസ്കരിച്ചു.
നയനയെ മരിച്ച നിലയിൽ കണ്ടെന്ന വിവരം ബന്ധുക്കളും നാട്ടുകാരും ഞെട്ടലോടെയാണ് കേട്ടത്. ആർക്കും ഈ മരണം ഉൾക്കൊള്ളാനായില്ല. തിരുവനന്തപുരത്തെ സൗഹൃദമാണ് നയനയെ സിനിമാ രംഗത്ത് എത്തിച്ചത്. നയനയുടെ കഴിവുകൾ തിരിച്ചറിഞ്ഞ ലെനിൻ രാജേന്ദ്രൻ സിനിമ രംഗത്ത് കൈപിടിച്ച് ഉയർത്തി. 10 വർഷമായി തിരുവനന്തപുരത്തായിരുന്നു താമസം. ലെനിൻ രാജേന്ദ്രന്റെ മരണം നയനയെ മാനസികമായി വല്ലാതെ തളർത്തിയിരുന്നതായി പിതാവ് ദിനേശൻ പറഞ്ഞു. 20 ദിവസം മുമ്പാണ് നയന അവസാനമായി വീട്ടിൽ എത്തിയത്. അതിനുശേഷം എല്ലാ ദിവസവും മൊബൈൽ ഫോണിൽ വിളിക്കുമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11 മുതൽ 12 വരെ നയന വീട്ടിലുള്ളവരുമായി സംസാരിച്ചിരുന്നു. പിന്നീട് വിളിച്ചിട്ടില്ല. പലപ്രാവശ്യം വീട്ടുകാർ വിളിച്ചെങ്കിലും ഫോൺ എടുത്തിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വാടക വീട്ടിൽ ചേതനയറ്റ ശരീരം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളിയായ ദിനേശൻ വിശ്രമ ജീവിതം നയിക്കുകയാണ്. മകളുടെ വരുമാനം വീടിന് തുണയായിരുന്നു. മധു, പ്രവീണ എന്നിവർ സഹോദരങ്ങളാണ്. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.