feb-24
കൊല്ലം തിരുമംഗലം ദേശീയ പാതയിൽ പുതിയതായി ചെയ്ത ടാറിംഗ് കുത്തി പൊളിച്ച നിലയിൽ

എഴുകോൺ: കൊല്ലം തിരുമംഗലം ദേശീയ പാതയിൽ വാട്ടർ അതോറിറ്റി അധികൃതർ എടുത്ത കുഴി അപകടഭീഷണിയാകുന്നു. ദേശീയപാതയുടെ നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായി പുതുതായി ടാർ ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് ഗേജ് കൂടിയ കുടിവെള്ള വിതരണ പൈപ്പ് സ്ഥാപിക്കാനായി എഴുകോൺ, ചീരങ്കാവ് ജംഗ്ഷനുകളിൽ വാട്ടർ അതോറിറ്റി മണ്ണ്മാന്തിയന്ത്രം ഉപയോഗിച്ച് റോഡിന് കുറുകേ കുഴിയെടുത്തത്. പൈപ്പ് സ്ഥാപിച്ച ശേഷം കുഴി പൂർണമായി മൂടാത്തതിനാലാണ് ഇത് അപകടഭീഷണിയായത്. തുടർന്ന് എൻ.എച്ച് അതോറിറ്റി താത്കാലികമായി ഫിക്‌സിംഗ് കോമ്പൗണ്ട് കൊണ്ട് കുഴി മൂടിയെങ്കിലും മണിക്കൂറിൽ നൂറുകണക്കിന് വാഹനങ്ങൾ തലങ്ങും വിലങ്ങും കടന്ന് പോകുന്ന റോഡായതിനാൽ മെറ്റലുകൾ ഇളകി യാത്ര ദുസഹമായിരിക്കുകയാണ്.

ടാറിംഗ് ആരംഭിക്കുന്നതിന് മുൻപ് തന്നെ ദേശീയപാതാ അധികൃതർ വിവിധ വകുപ്പുകൾക്ക് അറ്റകുറ്റപ്പണി നടത്താനായി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും വാട്ടർ അതോറിറ്റിയുടെ ഭാഗത്ത് നിന്ന് അറിയിപ്പ് കിട്ടാത്തതിനെ തുടർന്ന് റോഡ് പണി ആരംഭിക്കുകയായിരുന്നു. രണ്ടാംഘട്ട ടാറിംഗിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് റോഡ് കുഴിച്ചത്. ആദ്യഘട്ട ടാറിംഗ് കുണ്ടറ ആശുപത്രിമുക്ക്‌ വരെ എത്തി നിൽക്കെയാണ് എഴുകോണിലും ചീരൻകാവിലും റോഡ് കുത്തിപ്പൊളിച്ചത്. ഇനി ഈ കുഴികൾ ടാർ ചെയ്യാൻ റോഡ് റോളർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ തിരികെയെത്തിക്കേണ്ടതുണ്ട്.

താത്കാലികമായി കുഴി അടച്ചു

പൈപ്പ് സ്ഥാപിച്ച ശേഷം കുഴി മൂടിയതല്ലാതെ മണ്ണ് ശാസ്ത്രീയമായി ഉറപ്പിക്കുന്നതിനോ എൻ.എച്ച് അതോറിറ്റിയുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനോ ജലവിതരണ വകുപ്പ് അധികൃതർ ശ്രമിച്ചില്ല. പുതുതായി ടാർ ചെയ്ത റോഡിലുള്ള കുഴി ശ്രദ്ധിക്കാതെ വലിയ വാഹനങ്ങൾ വേഗതയിൽ വന്ന് ശബ്ദത്തോടെ കുഴിയിൽ വീഴുന്നതും ഇരുചക്ര വാഹനങ്ങൾ നിയന്ത്രണം തെറ്റി മറിയുന്നതും പതിവായതോടെ പ്രദേശവാസികൾ പരാതിപ്പെട്ടു. തുടർന്നാണ് എൻ.എച്ച് അതോറിറ്റി അധികൃതർ താത്കാലികമായി കുഴി അടച്ചത്.

ടാർ മിക്സിംഗ് പ്ലാന്റിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ടാറിംഗ് താത്കാലികമായി നിറുത്തിയിരിക്കുകയാണ്. ടാർമിക്സ് ലഭ്യമാകുന്ന ഉടൻ തന്നെ എഴുകോൺ, ചീരങ്കാവ് ജംഗ്ഷനുകളിലെ കുഴികൾ ഉടൻ ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കും.

ദേശീയ പാതാ അതോറിറ്റി അധികൃതർ