mynagappally
വേങ്ങ ആറാട്ട് കുളത്തിനു സമീപം പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ച നിലയിൽ

കുന്നത്തൂർ:നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന മൈനാഗപ്പള്ളി വേങ്ങ ആറാട്ട് കുളത്തിന് സമീപം ചാക്ക് കണക്കിന് പ്ലാസ്റ്റിക് മാലിന്യം കൊണ്ടിട്ട് കത്തിച്ചത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി.കഴിഞ്ഞ ദിവസം വൈകിട്ടോടെ വാഹനത്തിൽ കൊണ്ടുവന്ന് കുളത്തിന് സമീപമുള്ള പുരയിടത്തിൽ ഇറക്കിയശേഷം കൊണ്ടുവന്നവർ തന്നെ തീ കൊളുത്തുകയായിരുന്നു.ആളൊഴിഞ്ഞ പ്രദേശമായതിനാൽ ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. രാത്രിയോടെ പുകശല്യം രൂക്ഷമായപ്പോഴാണ് പ്രദേശവാസികൾ വിവരമറിയുന്നത്. രൂക്ഷഗന്ധത്തോടെയുള്ള പുക പ്രദേശവാസികളെ ഏറെ വലച്ചു. പലർക്കും ശ്വാസതടസ്സം അനുഭവപ്പെട്ടു.ഇന്നലെയും ഇവിടെ നിന്ന് പുകവമിച്ചു കൊണ്ടിരിക്കുകയാണ്.കത്താത്ത നിരവധി ചാക്ക് മാലിന്യങ്ങളും ഇവിടെ കാണാം. ആക്രികടകളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യമാണെന്ന് സംശയിക്കുന്നു.രണ്ട് മാസം മുമ്പ് ചാക്ക് കണക്കിന് കോഴി മാലിന്യം ആറാട്ട് കുളത്തിന് സമീപം തളളിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.കുളം ഉപയോഗ ശൂന്യമാവുകയും മാലിന്യ നിക്ഷേപ കേന്ദ്രമാവുകയും ചെയ്തതോടെ കുളം വൃത്തിയാക്കണമെന്ന ആവശ്യം ശക്തമായി.തുടർന്ന് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് 17 ലക്ഷത്തോളം രൂപ അനുവദിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്നതിനിടയിലാണ് കുളത്തിന് സമീപം വീണ്ടും മാലിന്യം കൊണ്ടിട്ടത്.