കുന്നിക്കോട്: ശാരീരിക - മാനസിക വെല്ലുവിളി നേരിടുന്നവരുടെ അഭയകേന്ദ്രമായ വിളക്കുടി സ്‌നേഹതീരത്തിലെ സഹോദരിമാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ കുടുംബശ്രീ ജില്ലാ മിഷൻ. അരക്ഷിത സമൂഹത്തിന് ഉപജീവനത്തിനായി പ്രത്യാശ എന്ന പേരിൽ കുടുംബശ്രീ ആവിഷ്‌കരിച്ച പദ്ധതിയാണ് നടപ്പാക്കുന്നത്. ശാരീരിക - മാനസിക വെല്ലുവിളി നേരിടുന്ന അന്തേവാസികൾക്ക് സ്വയംതൊഴിൽ പരിശീലനം നൽകി അവരെ സ്വയംപര്യാപ്തരാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുടുംബശ്രീ ജില്ലാമിഷനും വിളക്കുടി ഗ്രാമ പഞ്ചായത്തും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. അന്തേവാസികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരെ 14 സ്‌പെഷ്യൽ അയൽക്കൂട്ടങ്ങളായി തിരിച്ച് വിവിധ വിഭാഗങ്ങളിലായാണ് ആദ്യഘട്ടമെന്ന നിലയിൽ പരിശീലനം ആരംഭിക്കുന്നത്. ബാൻഡ് ട്രൂപ്പ്, ചവിട്ടി നിർമ്മാണം, ആഭരണ നിർമ്മാണം എന്നിവ സംരംഭമായി സി.ഡി.എസിൽ രജിസ്റ്റർ ചെയ്ത് വിപുലീകരിക്കുന്ന പ്രവർത്തനവും ഇതിലൂടെ ആവിഷ്‌കരിക്കും. ഒരോ ഗ്രൂപ്പുകൾക്കും വിവിധ മേഖലകളിലാണ് പരിശീലനം നൽകുക.
പഴയ തുണിത്തരങ്ങൾ ശേഖരിച്ചുള്ള ചവിട്ടി നിർമ്മാണം, മുത്തുകളും മറ്റും ഉപയോഗിച്ചുള്ള ആഭരണ നിർമ്മാണം എന്നിവയാണ് ഇപ്പോൾ നടന്നുവരുന്നത്. അന്തേവാസികളിൽ 25 പേരടങ്ങുന്ന ബാൻഡ് സംഘവും രൂപീകരിച്ചിട്ടുണ്ട്. കുട നിർമ്മാണത്തിൽ പരിശീലനം ആരംഭിച്ചിട്ടുണ്ട്.
സ്‌പെഷ്യൽ അയൽക്കൂട്ട രൂപീകരണ ഉദ്ഘാടനം വിളക്കുടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനി സുരേഷ് നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ ലീലാവതി അമ്മ അദ്ധ്യക്ഷത വഹിച്ചു. അസി. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ സബൂറാബീവി പദ്ധതി വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ. സജീദ്, ശ്രീദേവി അമ്മ, എം. അജിമോഹൻ, മാജിത, പി.വി. ഷീജ, സ്‌നേഹതീരം ഡയറക്ടർ സിസ്റ്റർ റോസിലിൻ, ജോസഫ് അലോഷ്യസ് എന്നിവർ പങ്കെടുത്തു.