പത്തനാപുരം:എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയൻ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ വാർഷിക പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. യൂണിയൻ ഹാളിൽ മോട്ടിവേഷൻ ക്ലാസിനോടനുബന്ധിച്ച് നടന്ന സമ്മേളനം യൂണിയൻ കൗൺസിലറും യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റുമായ റിജു വി. ആമ്പാടിയുടെ അദ്ധ്യക്ഷതയിൽ യൂണിയൻ പ്രസിഡന്റ് ആദംകോട് കെ. ഷാജി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ബി. ബിജു മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടർ ബോർഡ് അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ, യൂണിയൻ കൗൺസിലർ ബി. കരുണാകരൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുലത പ്രകാശ് എന്നിവർ സംസാരിച്ചു. യൂണിയൻ വനിതാസംഘം കേന്ദ്ര സമിതി അംഗം ദീപ ജയൻ, വനിതാസംഘം കൗൺസിലർമാർ അമ്പിളി ബൈജു, ശ്രീജ സലീം എന്നിവർ പങ്കെടുത്തു. യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ് എം. മഞ്ചേഷ് സ്വാഗതവും യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി അംഗം അനീഷ് പിറമല നന്ദിയും പറഞ്ഞു. വാർഷിക പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാർത്ഥികൾക്കും ഉന്നത വിജയം നേടാൻ ആഗ്രഹിക്കുന്നവർക്കുമായി യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മോട്ടിവേഷൻ ക്ലാസ് മൈൻഡ് പവ്വർ മോട്ടിവേഷണൽ ട്രെയിനർ ആൻഡ് സക്‌സസ് കോച്ച് ബിനു സുരേന്ദ്രൻ നയിച്ചു.