കടയ്ക്കൽ: മക്കളുടെ മുന്നിലിട്ട് യുവതിയായ വീട്ടമ്മയെ കുത്തിക്കൊന്നു. കടയ്ക്കൽ പാങ്ങലുകാട് ഗണപതിനട റാഫി മൻസിലിൽ റംലാബീവിയാണ് (35) മരിച്ചത്. ഇന്നലെ രാത്രി 9.45നായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടുപേരടങ്ങുന്ന സംഘത്തിലൊരാൾ വീട്ടിനുള്ളിൽ കയറി മുളകുപൊടി മുഖത്തേക്ക് വലിച്ചെറിഞ്ഞശേഷം റംലയെ കുത്തുകയായിരുന്നു. ഭർത്താവുമായി അകന്നുകഴിയുന്ന റംലാബീവി മക്കളോടൊപ്പമാണ് താമസം.
പുറത്തേക്ക് ഓടിയ ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാരാണ് സംഭവം ആദ്യമറിയുന്നത്.
രണ്ടുപേർ ബൈക്കിൽ രക്ഷപ്പെട്ടതായി ഇവർ പറയുന്നു. റംലാബീവിയെ ഉടൻ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കടയ്ക്കൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സമീപത്തെ വീടുകളിൽ നിന്നുള്ള സി.സി.ടി.വി കാമറകളിൽ നിന്ന് അക്രമികളുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ഷാജിയാണ് റംലയുടെ ഭർത്താവ്. മക്കൾ: റാഫി(15), റിഫാൻ(12)