കരുനാഗപ്പള്ളി: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് തെക്ക് മൂന്ന് ഭാഗങ്ങളിലുമുള്ള റോഡുകൾ ചേരുന്ന ഭാഗത്ത് ഗതാഗത സ്തംഭനം പതിവാകുന്നു. നിരവധി വർഷങ്ങളായി പ്രദേശവാസികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരവസ്ഥ പരിഹരിക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. അശാസ്ത്രീയ ട്രാഫിക് പരിഷ്കാരമാണ് ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു. കൊല്ലം ഭാഗത്ത് നിന്ന് വടക്കോട്ട് വരുന്ന വാഹനങ്ങളും വടക്ക് നിന്ന് കൊല്ലം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങളും ശാസ്താംകോട്ട ഭാഗത്തു നിന്ന് കരുനാഗപ്പള്ളിയിലേയ്ക്ക് വരുന്ന വാഹനങ്ങളും തമ്മിൽ സന്ധിക്കുന്നത് ബസ് സ്റ്റാന്റിന് തെക്കുവശത്തുള്ള റോഡിലാണ്. കെ.എസ്.ആർ.ടി.സി ബസുകൾ സ്റ്റാന്റിലേയ്ക്ക് പ്രവേശിക്കുന്ന ഭാഗത്തു കൂടിയാണ് മാർക്കറ്റിലൂടെ കടന്ന് വരുന്ന സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ദേശീയപാതയിലേക്ക് കടക്കുന്നത്. വാഹനങ്ങൾക്ക് കടന്ന് പോകാൻ റോഡിൽ ഇടമില്ലാത്തത് മൂലമാണ് ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നത്.
പാർക്കിംഗ് പ്രശ്നം
ബസ് സ്റ്റാന്റിലെ പാർക്കിംഗ് സ്ഥലത്ത് ബസുകൾ നിറഞ്ഞ് കഴിഞ്ഞാൽ പിന്നീട് വരുന്ന ബസുകൾ റോഡിൽത്തന്നെ നിറുത്തിയിടാറാണ് പതിവ്. സ്റ്റാന്റിനുള്ളിൽ പാർക്ക് ചെയ്തിരിക്കുന്ന ബസുകൾ യാത്രക്കാരുമായി പുറത്തേയ്ക്ക് പോയെങ്കിൽ മാത്രമേ ദേശീയപാതയോരത്ത് നിറുത്തിയിട്ടിരിക്കുന്ന ബസുകൾക്ക് അകത്തേയ്ക്ക് പ്രവേശിക്കാൻ കഴിയൂ. ഇതാണ് ദേശീയപാതയിലെ നീണ്ട ഗതാഗതക്കുരുക്കിന്റെ പ്രധാനകാരണങ്ങളിലൊന്ന്.
വൺവേ
കരുനാഗപ്പള്ളി മാർക്കറ്റ് മുതൽ കെ.എസ്.ആർ.ടി.സി സ്റ്റാന്റ് വരെ വൺവേയാണ്. ഇവിടെ വൺവേ നിയമം തെറ്റിച്ച് കാറുകൾ ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങൾ എതിരേ കടന്ന് വരാറുണ്ട്. നിലവിലുള്ള വൺവേ സംവിധാനം പുനപരിഷ്കരിച്ച് ബസ് സ്റ്റാന്റിന് തെക്ക് വശത്തുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടി എത്രയും വേഗം കൈക്കൊള്ളണമെന്ന് യാത്രക്കാരും ടൗണിലെ വ്യാപാരികളും ആവശ്യപ്പെടുന്നു.