കൊല്ലം: താൻ ബി.ജെ.പിയിലെത്തിയത് കേന്ദ്ര നേതൃത്വത്തിന്റെ അഭ്യർത്ഥന മാനിച്ചെന്ന് സി.വി ആനന്ദബോസ് 'ഫ്ളാഷി'നോട് പറഞ്ഞു. എന്നാൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് സ്ഥാനാർത്ഥിയാകുമാേ എന്ന ചോദ്യത്തിന് തന്നോട് ആ നിലയിൽ പാർട്ടി ഇതുവരെ ഒരു ആശയവിനിമയവും നടത്തിയില്ലെന്ന് അദ്ദേഹം മറുപടി നൽകി.
കഴിഞ്ഞ ദിവസം പാലക്കാട്ടെത്തിയ ദേശീയ പ്രസിഡന്റ് അമിത് ഷാ പ്രത്യേക താത്പര്യം എടുത്ത് മുൻകൂട്ടി ക്ഷണിച്ചതനുസരിച്ചാണ് അവിടെ എത്തിയത്. എന്നാൽ സന്ദർശകരുടെ തിരക്കിൽ അമിത് ഷായുടെ ഷെഡ്യൂളിൽ മാറ്റം വന്നതോടെ മുൻകൂട്ടി തീരുമാനിച്ച ചർച്ചകൾ നടന്നില്ല. എങ്കിലും, തന്നെ തിരക്കിന്റെ പേരിൽ അമിത് ഷാ നിരാശപ്പെടുത്തിയില്ല. അമിത് ഷാ യുടെ നിർദേശ പ്രകാരം കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി ദേശീയ സെക്രട്ടറി സത്യയുമായി അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയെന്നും ആനന്ദബോസ് പറഞ്ഞു.
എന്നാൽ ഒരു മണിക്കൂറോളം നടന്ന ചർച്ചയുടെ വിവരങ്ങൾ പുറത്തുപറയാൻ അദ്ദേഹം തയാറായില്ല. സംസ്ഥാന നേതാക്കൾക്ക് പോലും ചർച്ചയിൽ പ്രവേശനം ഉണ്ടായിരുന്നില്ല. പൊതുസമ്മേളന വേദിയിൽ പൊന്നാട അണിയിച്ച് തനിക്ക് പ്രതീകാത്മകമായി അംഗത്വം നൽകിയെന്ന് ആനന്ദബോസ് പറഞ്ഞു.
ചില ഓഫറുകൾ?
അതേസമയം, അമിത് ഷായുടെ പ്രത്യേക താത്പര്യത്തിൽ ബി.ജെ.പിയിലെത്തിയ പ്രമുഖനെന്ന നിലയിൽ ഭരണത്തുടർച്ച പ്രതീക്ഷിക്കുന്ന പാർട്ടി വൻ ഓഫറാണ് നൽകിയിരിക്കുന്നത് എന്നാണ് ആനന്ദബോസിനോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. പ്രമുഖരെ ബി.ജെ.പിയിലേക്ക് എത്തിക്കുന്ന കേവല നടപടിയുടെ ഭാഗമല്ലത്രെ ആനന്ദബോസിന്റെ വരവ്. കൊല്ലം ജില്ലാ കളക്‌ടറായിരിക്കെ ജനകീയനായ ഐ.എ.എസ് ഓഫീസറെന്ന നിലയിൽ പേരെടുത്ത ആനന്ദബോസ് കേന്ദ്ര സർവീസിലും മെച്ചപ്പെട്ട ട്രാക്ക് റെക്കാഡിന്റെ ഉടമയാണ്. നിലവിൽ മേഘാലയ സർക്കാരിന്റെ ഉപദേശകനാണ് അദ്ദേഹം.