കരുനാഗപ്പള്ളി: കനകം വിളയുന്ന ചവറ കെ.എം.എം.എൽ ഫാക്ടറിയെ കേരളത്തിലെ ഏറ്റവും മികച്ച പൊതുമേഖലാ സ്ഥാപനമാക്കി ഉയർത്തുമെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. എൽ.ഡി.എഫ് സർക്കാർ 1000 ദിനങ്ങൾ പൂർത്തിയാക്കിയതിന്റെ ഭാഗമായി, ചവറ കെ.എം.എം.എൽ ഫാക്ടറി വികസിപ്പിച്ച പുതിയ ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം ഫാക്ടറി അങ്കണത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. അന്തർദ്ദേശീയ മാർക്കറ്റിൽ ഏറെ വിപണന സാദ്ധ്യതയുള്ള ഉത്പന്നമാണ് സ്ഥാപനത്തിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചത്. ഐ.ആർ.ഇ, കെ.എം.എം.എൽ, ടൈറ്റാനിയം എന്നീ സ്ഥാപനങ്ങൾ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. കേരളത്തിലെ പ്രകൃതി സമ്പത്ത് പരമാവധി പ്രയോജനപ്പെടുത്തി ജനങ്ങളുടെ പുരോഗതിക്ക് വിനിയോഗിക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം. കരിമണൽ മേഖലയിലെ പ്രശ്നങ്ങൾ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ചർച്ച ചെയ്തു പരിഹരിക്കണം. കരിമണലിന്റെ 40 ശതമാനം മാത്രമാണ് നമുക്ക് ഉപയോഗിക്കാൻ കഴിഞ്ഞത്. ഇത് 80 ശതമാനമായി ഉയർത്തിയാൽ കൂടുതൽ തൊഴിൽ അവസരങ്ങൾ യുവജനങ്ങൾക്ക് നൽകാൻ കഴിയും.
നിലവിലെ 410 ഒഴിവുകളിൽ ലാപ്പാ തൊഴിലാളികളെ മാർച്ച് ഒന്നു മുതൽ നിയോഗിക്കുന്ന തരത്തിൽ നിയമനം നൽകാൻ മന്ത്രി നിർദ്ദേശിച്ചു. കമ്പനിയുടെ പ്രവർത്തനത്താൽ ദുരിതം അനുഭവിക്കുന്ന ചിറ്റൂർ നിവാസികളുടെ ഉടമസ്ഥതയിലുള്ള 180 ഏക്കർ ഭൂമി ഏറ്റെടുക്കുന്ന നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കണം. കെ.എം.എം.എല്ലിനെ തകർക്കാൻ ആരുടെ ഭാഗത്തുനിന്നും ഏത് തരത്തിലുള്ള നീക്കം ഉണ്ടായാലും സർക്കാർ കൈയുംകെട്ടി നോക്കി നിൽക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
സമ്മേളനത്തിൽ എൻ. വിജയൻപിള്ള എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ. സോമപ്രസാദ് എം.പി, കെ.എം.എം.എൽ ബോർഡ് മെമ്പർ പി. രാജേന്ദ്രൻ, മുൻ മേയർ എൻ. പത്മലോചനൻ, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണിപ്പിള്ള, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി. അയ്യപ്പൻപിള്ള, ആർ. രവി, ട്രേഡ് യൂണിയൻ നേതാക്കളായ എ.എ. നവാസ്, എസ്. സന്തോഷ്, റിജു സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു. മാനേജിംഗ് ഡയറക്ടർ കെ. രാഘവൻ സ്വാഗതവും യൂണിറ്റ് ഹെഡ് എസ്. സന്തോഷ് നന്ദിയും പറഞ്ഞു.