മരിച്ചവർ പത്തനാപുരം സ്വദേശികൾ
റാന്നി: മന്ദമരുതി ചെല്ലയ്ക്കാടിനു സമീപം ടിപ്പർ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികരായ പിതാവും മകനും മരിച്ചു. പത്തനാപുരം പുന്നല പൂങ്കുളഞ്ഞി ചരുവിള പുത്തൻവീട്ടിൽ തടി വ്യാപാരിയായ പീരു മുഹമ്മദ് (54), മകൻ മൂന്നാം വർഷ ബി.കോം വിദ്യാർത്ഥിയായ മുജീബ് (21) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ മന്ദമരുതിക്കും ചെല്ലയ്ക്കാടിനും ഇടയിൽ തലവടിപ്പടിയിലായിരുന്നു അപകടം. കോന്നി എൻ.എസ്.എസ് ആർട്‌സ് കോളേജ് വിദ്യാർത്ഥിയാണ് മരിച്ച മുജീബ്. രാവിലെ കോളേജിലെത്തിയ ശേഷമാണ് മുജീബ് പിതാവിനൊപ്പം പോയതെന്ന് സ്ഥലത്തെത്തിയ സഹപാഠികൾ പറഞ്ഞു.
റാന്നി ഭാഗത്തു നിന്ന് വന്ന സ്‌കൂട്ടർ മുൻപിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ ഇറക്കമിറങ്ങി വന്ന ടിപ്പർ ലോറിയുടെ മദ്ധ്യഭാഗത്തേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. നാട്ടുകാർ ഇരുവരെയും റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ട് നൽകും. വൈകിട്ടോടെ സംസ്കാരം നടത്തുമെന്ന് ബന്ധുക്കൾ പറഞ്ഞു. ടിപ്പർ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.