കുന്നത്തൂർ: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മൈനാഗപ്പള്ളി ശ്രീചിത്തിരവിലാസം യു.പി സ്കൂളിൽ നടന്ന പഠനോത്സവം ശ്രദ്ധേയമായി. ഇടശ്ശേരിയുടെ 'പൂതപ്പാട്ട് ' എന്ന കവിതയുടെ ദൃശ്യാവിഷ്കാരം നവ്യാനുഭവമായി. രംഗ സജീകരണങ്ങളും വേഷവിധാനങ്ങളുമടക്കം ക്രമീകരിച്ചത് കുട്ടികൾ തന്നെയായിരുന്നു. കൂടാതെ ലഘു നാടകങ്ങൾ, ശാസ്ത്രപ്രദർശനം, ഗണിത അസംബ്ലി, സെമിനാറുകൾ എന്നിവയും നടന്നു. പഠനോത്സവത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജയലക്ഷ്മി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എസ്.കെ. അലാവുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ശാന്തകുമാരിഅമ്മ, പുഷ്പ, സ്കൂൾ പ്രഥമാദ്ധ്യാപിക സുധാദേവി, കല്ലട ഗിരീഷ്, സന്തോഷ് കൃഷ്ണൻ, ജയലക്ഷ്മി, ഉണ്ണി ഇലവിനാൽ എന്നിവർ പ്രസംഗിച്ചു.