inc
പുനലൂരിൽ എത്തിയ ജന മഹാ യാത്രാ ക്യാപ്റ്റൻ മുല്ലപ്പള്ളി രാമചന്ദ്രനെ പ്രവർത്തകർ സ്വീകരിക്കുന്നു.

പുനലൂർ: മുഖ്യമന്ത്രി പിണറായിക്കും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സംഘപരിവാർ ശക്തികളുടെ വികാരമാണ് ഇപ്പോഴുള്ളതെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. പുനലൂരിൽ എത്തിയ ജനമഹായാത്രയുടെ സ്വീകരണം ഏറ്റു വാങ്ങുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലെത്താൻ പാടില്ലെന്ന വികാരമാണ് അവർക്കുള്ളത്. കേരളത്തിൽ എത്ര സീറ്റ് ലഭിച്ചാലും കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ വരില്ലെന്ന പ്രസ്താവന നടത്തിയത് ഇതിനുദാഹരണമാണ്. സർക്കാരിന്റെ 1000 ദിവസത്തെ ഭരണനേട്ടങ്ങൾ കുറേ കൊലപാതകങ്ങൾ പൂർത്തിയാക്കി എന്നതാണ്. മോദി സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ ജനാധിപത്യം ഈ രാജ്യത്ത് ഇനി തിരിച്ചു വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എൻ.കെ. പ്രേമചന്ദ്രൻ എം.പി സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ നെൽസൺ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, കൊടിക്കുന്നിൽ സുരേഷ് എം.പി, രാജ്മോഹൻ ഉണ്ണിത്താൻ, ഏരൂർ സുഭാഷ്, കരിക്കത്തിൽ പ്രസേനൻ തുടങ്ങിയവർ സംസാരിച്ചു.