nagarasabha
പുനലൂർ നഗരസഭയുടെ ബഡ്ജറ്റ് വൈസ് ചെയർപേഴ്സൺ കെ.പ്രഭ അവതരിപ്പിക്കുന്നു. നഗരസഭ ചെയർമാൻ കെ.രാജശേഖരൻ , സെക്രട്ടറി രേണുകാദേവി തുടങ്ങിയവർ സമീപം.

പുനലൂർ: വരുന്ന ഒരു വർഷം പുനലൂർ നഗരസഭയിൽ വിവിധ ക്ഷേമപ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയുള്ള ബഡ്ജറ്റ് അവതരിപ്പിച്ചു. 16,48,70,702 കോടി രൂപ വരവും, 156,60,92,360 കോടി രൂപ ചെലവും, 4,87,78,348 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്‌ജറ്റാണ് ഇന്നലെ രാവിലെ 11ന് നഗരസഭ കോൺഫറൻസ് ഹാളിൽ വൈസ് ചെയർപേഴ്സൺ കെ. പ്രഭ അവതരിപ്പിച്ചത്. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്ക് ധനസഹായം, ഗവ. താലൂക്ക് ആശുപത്രിയിലെ പാഥേയം ഉച്ചഭക്ഷണ പദ്ധതി, കിടപ്പ് രോഗികൾക്ക് സാന്ത്വന പരിശീലനം, സൗജന്യ ഡയാലിസിസ് പദ്ധതി, സ്പർശം, കുടിവെള്ളം, റോഡുകളുടെ നവീകരണം, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി എന്നിവയ്ക്ക് പുറമേ പ്രതീക്ഷാ ബഡ്സ് സ്കൂളിന്റെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിനും ബഡ്‌ജറ്റിൽ മുൻതൂക്കം നൽകിയിട്ടുണ്ട്. ഇതിന് ആവശ്യമായ തുകയും വകയിരുത്തി. നഗരസഭയിൽ ടൗൺ ഹാൾ, ഷോപ്പിംഗ് കോംപ്ലക്സ്, മോഡേൺ മാർക്കറ്റ്, സ്റ്റേഡിയം, ആധുനിക അറവ് ശാല, കല്ലടയാറിന് കുറുകേ ഐക്കരക്കോണം-തൊളിക്കോട്ട് ഭാഗത്ത് നടപ്പാലം, സ്വമ്മിംൾ പൂൾ നിർമ്മാണത്തിന് സ്ഥലം വാങ്ങൽ, പകൽ വീട്, കുടുംബശ്രീ വിപണന കേന്ദ്രം, പുനർജ്ജനി രണ്ടാംഘട്ടം, ക്ഷീര സംഘം, വൃദ്ധ ജനങ്ങൾക്ക് പോഷക ആഹാര കിറ്റ് , തൊളിക്കോട്ട് ലഗൂൺ പാർക്ക്, കെ.എസ്.ആർ.ടി.സി കച്ചേരി റോഡിലേക്ക് സ്കൈവേ നിർമ്മാണം, പ്രകൃതി ചികിത്സാ കേന്ദ്രത്തിന്റെ പുനരുദ്ധാരണം തുടങ്ങിയ നിരവധി പദ്ധതികൾക്കാണ് ബഡ്‌ജറ്റിൽ ഊന്നൽ നൽകിയത്. സ്ഥലം എം.എൽ.എ ആയ മന്ത്രി കെ. രാജുവിന്റെ പ്രാദേശിക വികസനഫണ്ടിൽ നിന്നനുവദിച്ച 50ലക്ഷം രൂപ ചെലവഴിച്ചായിരിക്കും തൊളിക്കോട്ടെ ലഗൂൺ പാർക്ക് നിർമ്മിക്കുന്നത്. പുനർജ്ജനി രണ്ടാം ഘട്ടത്തിൻെറ ഭാഗമായി വെട്ടിപ്പുഴ തോട് അടക്കമുള്ളവ നവീകരിക്കും. നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ ബഡ്‌ജറ്റ് അവതരണ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രേണുകാദേവി, മുൻ ചെയർമാൻ എം.എ. രാജഗോപാൽ തുടങ്ങിയവർ പങ്കെടുത്തു. നാളെ രാവിലെ 11ന് ബ‌ഡ്‌ജറ്റിൻ മേൽ ചർച്ചയും നടക്കും.