photo
ജനമഹായാത്രക്ക് കരുനാഗപ്പള്ളിയിൽ നൽകിയ സ്വീകരണ യോഗത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസംഗിക്കുന്നു.

കരുനാഗപ്പള്ളി: ബി.ജെ.പി സർക്കാരിന്റെ ഭരണത്തിൽ മനംമടുത്ത് ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾ കോൺഗ്രസിലാണ് മുഴുവൻ പ്രതീക്ഷയും അർപ്പിച്ചിരിക്കുന്നതെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ജനമഹായാത്രയ്ക്ക് കോൺഗ്രസ് കരുനാഗപ്പള്ളി നിയോജകണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ജാഥാ ക്യാപ്ടനായ മുല്ലപ്പള്ളി രാമചന്ദ്രൻ. കേന്ദ്രത്തിൽ നരേന്ദ്ര മോദിയും കേരളത്തിൽ പിണറായി വിജയനും ഫാസിസ്റ്റ് ഭരണമാണ് നടത്തുന്നത്. ലോകത്തെ എല്ലാ ഫാസിസ്റ്റ് ഭരണാധികാരികളും നിലനിൽപ്പിന് വേണ്ടി രാജ്യത്ത് കലാപങ്ങൾ സൃഷ്ടിക്കാറുണ്ട്. കേരളത്തിൽ പിണറായി വിജയന്റെ പാർട്ടി കൊലപാതക രാഷ്ട്രീയത്തിനാണ് മുൻതൂക്കം നൽകുന്നത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ ഇന്ത്യയിലെ മതേതരത്വ പാർട്ടികളെ ഉൾപ്പെടുത്തി കോൺഗ്രസ് ദേശീയതലത്തിൽ രൂപീകരിക്കുന്ന മഹാ രാഷ്ട്രീയസഖ്യത്തെ കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടി എതിർക്കുകയാണ്. ദേശീയ രാഷ്ട്രീയത്തിൽ സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ് ഇത് വ്യക്തമാക്കുന്നത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വീണ്ടും കേന്ദ്രത്തിൽ അധികാരത്തിലെത്തും. ഇതിനുള്ള രാഷ്ട്രീയ ധ്രുവീകരണം ഇന്ത്യയിൽ ഉരുത്തുരിഞ്ഞ് വരുന്നതായും മുല്ലപ്പള്ളി പറഞ്ഞു. കരുനാഗപ്പള്ളിയുടെ അതിർത്തിയായ കല്ലുകടവിലെത്തിയ ജനമഹായാത്രയെ ഷിബു എസ്. തൊടിയൂരിന്റെ നേതൃത്വത്തിൽ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് ടൗണിലേക്ക് ആനയിച്ചത്. ടൗണിൽ നിന്ന് തുറന്ന ജീപ്പിൽ സഞ്ചരിച്ചാണ് സമ്മേളനവേദിയിലെത്തിയത്. തുടർന്ന് നടന്ന യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ എൻ. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജോസഫ് വാഴയ്ക്കൻ, കെ.സി. അബു, എ.പി. അനിൽകുമാർ, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, രാജ്മോഹൻ ഉണ്ണിത്താൻ, കെ.സി. രാജൻ, കെ.ജി. രവി, ജനറൽ കൺവീനർ നീലികുളം സദാനന്ദൻ, ചിറ്റുമൂല നാസർ, മുനമ്പത്ത് വഹാബ്, തൊടിയൂർ രാമചന്ദ്രൻ, ആർ. രാജശേഖരൻ, സി.ആർ. മഹേഷ്, കെ. രാജശേഖരൻ, ബിന്ദു ജയൻ, എൽ.കെ. ശ്രീദേവി, എം. അൻസാർ, മാരാരിത്തോട്ടം ജനാർദ്ദനൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.