പരവൂർ: നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്നലെ പരവൂർ ടൗൺ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന പഴകിയ ഭക്ഷണപദാർത്ഥങ്ങളും മാംസവും പിടിച്ചെടുത്തു. പരവൂർ ടൗണിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലുകൾ, മാർക്കറ്റ്, കശാപ്പുശാലകൾ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.
പരവൂരിൽ വിൽപ്പനക്കായി എത്തിക്കുന്ന മാംസം ഉപയോഗ യോഗ്യമല്ലാത്തതാണെന്ന പരാതിയെ തുടർന്ന് നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പിന്റെ നിർദ്ദേശപ്രകാരമാണ് ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. കുറ്റക്കാർക്കെതിരെ കേരളാ മുനിസിപ്പൽ ആക്ട് അനുസരിച്ചുള്ള പിഴ ഈടാക്കി കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും വരും ദിവസങ്ങളിൽ പരിശോധന ഊർജ്ജിതമാക്കുമെന്നും സെക്രട്ടറി എ. നൗഷാദ് അറിയിച്ചു. ഒന്നാം ഗ്രേഡ് ഹെൽത്ത് ഇൻസ്‌പെക്ടർ കെ.സി. അശോകിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ജി. മിത്രൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്.ആർ. സരിൻ, ധന്യ എസ്. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.