photo
കൈയ്യേറ്റത്തിന് വിധേയമായ രണ്ടാം തഴത്തോട്

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയുടെ പരിധിയിലൂടെ കടന്ന് പോവുന്ന രണ്ടാം തഴത്തോട് കരിങ്കൽഭിത്തി കെട്ടി സംരക്ഷിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു. കായംകുളം കായലുമായി ബന്ധപ്പെട്ട രണ്ടാം തഴത്തോട് തെക്ക് കൊതിമുക്ക് വട്ടക്കായലിലാണ് അവസാനിക്കുന്നത്. കൃഷിയുമായി ബന്ധപ്പെട്ട ജലസേചനത്തിനും ജലഗതാഗതത്തിനും വേണ്ടിയാണ് രാജഭരണകാലത്ത് തഴത്തോടുകൾ നിർമ്മിച്ചത്. നിരന്തരമായി നടക്കുന്ന കൈയേറ്റം മൂലം 12 മീറ്റർ വരെ വീതിയുണ്ടായിരുന്ന തഴത്തോടുകൾ ഇന്ന് ശോഷിച്ചിരിക്കുകയാണ്. ഇന്ന് പല സ്ഥലങ്ങളിലും തോടിന്റെ വീതി 5 മീറ്ററിൽ താഴെ മാത്രമാണ്. തോടിന്റെ വശങ്ങളിൽ സംരക്ഷണ ഭിത്തി ഇല്ലാത്തതുകൊണ്ടാണ് കൈയേറ്റം വ്യാപകമാവുന്നത്. തോടിന്റെ ഇരുവശങ്ങളിലും മുണ്ടകപ്പാടങ്ങളും കരിനിലങ്ങളും ഇപ്പോഴുമുണ്ട്. ഒരു കാലത്ത് ജലസേചനത്തിനും ജലഗതാഗതത്തിനും വ്യാപകമായി ഉപയോഗിച്ചിരുന്ന തഴത്തോടുകൾ ഇന്ന് പകർച്ച വ്യാധിയുടെ കേന്ദ്രങ്ങളാണ്.

കൃഷി കുറഞ്ഞതോടെ തഴത്തോടുകൾ തകർന്നു

കൃഷിയുള്ളപ്പോൾ വയലുകളിലേക്ക് കൃഷി ഉപകരണങ്ങളും വളവും കൊണ്ട് പോയിരുന്നത് വള്ളങ്ങളിലാണ്. കൊയ്ത്തിന് ശേഷം കറ്റകൾ കൊണ്ട് വരുന്നതിനും വള്ളങ്ങളാണ് പൊതുവേ ഉപയോഗിച്ചിരുന്നത്. കൃഷി കുറഞ്ഞ് വന്നതോടെ തഴത്തോടുകളുടെ തകർച്ച ആരംഭിച്ചു. റോഡ് ഗതാഗതം വികസിച്ചതോടെ ജലഗതാഗതം അന്യമായി. കൃഷിയുള്ളപ്പോൾ തോടിന്റെ വശങ്ങൾ കർഷകർ തന്നെ വൃത്തിയാക്കി ആഴം കൂട്ടുമായിരുന്നു. കൂട്ടായ സംരംഭം എന്ന നിലയിൽ നാട്ടുകാരും ഇതിൽ പങ്കാളികളാകുമായിരുന്നു. ഇന്ന് തഴത്തോടുകൾ പൊതുവേ മാലിന്യനിക്ഷേപ കേന്ദ്രങ്ങായി മാറുകയാണ്. അറവ് മാലിന്യങ്ങൾ പോലും തഴത്തോടുകളിലേക്ക് വ്യാപകമായി വലിച്ചെറിയപ്പെടുന്നുണ്ട്.

തോട് വൃത്തിയാക്കി ആഴം കൂട്ടണം

വേനൽ ആരംഭിച്ചതോടെ തോടുകൾ വറ്റി വരണ്ട് തുടങ്ങി. ഈ കാലയളവിൽ തോടുകൾ വൃത്തിയാക്കി ആഴം കൂട്ടിയാൽ മൺസൂൺ സീസണിൽ മഴ വെള്ളം സംഭരിക്കാൻ കഴിയും. തുട‌ർന്ന് വരുന്ന വർഷങ്ങളിൽ തോടിന്റെ വശങ്ങളിൽ സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കിയാൽ മതി. ഇതിനുള്ള പ്രവർത്തനങ്ങൾ ഇപ്പോഴേ ആരംഭിക്കണമെന്നാണ് പ്രദേശവാസികളും കർഷകരും ആവശ്യപ്പെടുന്നത്.

രണ്ടാം തഴത്തോട്

മുമ്പ് 12 മീറ്റർ വരെ വീതി

ഇന്ന് പല സ്ഥലങ്ങളിലും തോടിന്റെ വീതി 5 മീറ്ററിൽ താഴെ