death
പീരു മുഹമ്മദ്

പത്തനാപുരം : വാഹനാപകടത്തിൽ മരിച്ച പിതാവിന്റെയും മകന്റെയും വിയോഗം നാടിന് നൊമ്പരക്കാഴ്ചയായി. ഇരുവരെയും ഒരു നോക്ക് കാണാനായി വൻ ജനാവലിയാണ് പൂങ്കുളഞ്ഞിയിലെ വസതിയിലേക്ക് ഒഴുകിയെത്തിയത്. ഒറ്റപ്പെട്ടുപോയ അമ്മയുടെയും സഹോദരിയുടെയും കരച്ചിൽ കണ്ടുനിന്നവരുടെ കണ്ണുകളേയും ഈറനണിയിച്ചു.

റാന്നി മന്ദമരുതി ചെല്ലാട് വച്ചുണ്ടായ അപകത്തിലാണ് പൂങ്കുളഞ്ഞി ആയിരത്തുമൺ ചരുവിള പുത്തൻവീട്ടിൽ പീരു മുഹമ്മദും ( 58) , മകൻ മുജീബും (21) മരണപ്പെട്ടത്‌. തിങ്കളാഴ്ച ഉച്ചയോടെ ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം എതിരെ വന്ന ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് പേരുടെയും തലയ്ക്ക് ഗുരുതര പരിക്ക് പറ്റി.
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോന്നി എൻ.എസ്.എസ് കോളേജിലെ അവസാന വർഷ ബി.എസ്. സി വിദ്യാർത്ഥിയായ മുജീബിനെ പിതാവ് പീരുമുഹമ്മദ് കോളേജിൽ നിന്ന് എരുമേലിയിലേക്ക്
ബിസിനസ് ആവശ്യത്തിനായി കൊണ്ടുപോകുന്നതിനിടെയാണ് റാന്നിയിൽ വച്ച് അപകടം സംഭവിച്ചത്. കോന്നി എൻ.എസ്.എസ് കോളേജിൽ മുജീബിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചു. അദ്ധ്യാപകരും വിദ്യാർത്ഥികളും നിറകണ്ണുകളോടെയാണ് സഹപാഠിക്ക് അന്തിമോപചാരം അർപ്പിച്ചത്. വൈകിട്ട് 4 മണിയോടെ പുന്നല മുസ്ലിം ജമാഅത്തിൽ ഇരുവരുടെയും മൃതദേഹങ്ങൾ കബറടക്കി.