അശാസ്ത്രീയ ഹമ്പ് സിഗ്നൽ സംവിധാനമുള്ളിടത്ത്
കൊല്ലം: ബൈപാസിൽ സിഗ്നൽ സംവിധാനം വന്നിട്ടും കടവൂരിൽ അശാസ്ത്രീയമായി നിർമ്മിച്ച ഹമ്പ് നീക്കം ചെയ്യാത്തതിനാൽ അഞ്ചാലുംമൂട് റോഡിലേക്ക് തിരിയുന്ന ഭാഗത്ത് അപകടങ്ങൾ പതിവാകുന്നതായി പരാതി. പഴയ കൊല്ലം - അഞ്ചാലുംമൂട് റോഡിലാണ് അപകടക്കെണിയൊരുക്കി ഹമ്പ് സ്ഥിതി ചെയ്യുന്നത്.
ഇരുവശങ്ങളിൽ നിന്നും എത്തുന്ന വാഹനങ്ങൾ ബൈപാസ് റോഡിലേക്ക് കടക്കുമ്പോൾ വേഗത കുറയ്ക്കാൻ വേണ്ടിയാണ് ഇവിടെ ഹമ്പ് സ്ഥാപിച്ചത്. ബൈപാസിൽ സിഗ്നൽ ലൈറ്റുകൾ വരുന്നതിന് മുമ്പ് വാഹനങ്ങൾ വേഗത കുറച്ച് കടന്നുപോകാൻ ഹമ്പ് അനിവാര്യമായിരുന്നു. എന്നാൽ സിഗ്നൽ ലൈറ്റ് വന്നിട്ടും ഹമ്പ് മാറ്റാൻ നടപടിയുണ്ടായില്ല.
സിഗ്നൽ സംവിധാനത്തിൽ ചുവന്ന ലൈറ്റ് കത്തുമ്പോൾ നിരയായി നിർത്തിയിടുന്ന വാഹനങ്ങൾ പച്ച തെളിഞ്ഞയുടൻ വേഗത്തിലാണ് കടന്നുപോകുന്നത്. വാഹനമോടിക്കുന്നവർ ഇവിടെയുള്ള ഹമ്പ് ശ്രദ്ധിക്കാറുമില്ല. ഇരുചക്ര വാഹനങ്ങൾ ഈ നിലയിൽ ഹമ്പിൽ കയറുകയും നിയന്ത്രണം വിട്ട് മറിയുന്നതും നിത്യസംഭവമാണ്. സ്ഥലപരിചയമില്ലാത്തവരാണെങ്കിൽ അപകടം ഉറപ്പ്. സിഗ്നൽ ലൈറ്റ് ഉള്ള ഇടങ്ങളിൽ ഹമ്പിന്റെ ആവശ്യകത ഇല്ലെന്നിരിക്കെ ഹമ്പ് നീക്കം ചെയ്യാൻ അധികൃതർ തയ്യാറാകുന്നില്ല. ദേശീയപാത വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലമില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ഇന്നലെയും അപകടം
ഇന്നലെ വൈകിട്ട് നാല് മണിയോടെ കടവൂരിലെ ഹമ്പ് മൂലം വീണ്ടും അപകടം. സിഗ്നൽ ലൈറ്റ് പച്ചതെളിഞ്ഞപ്പോൾ വിട്ടുപോയ ബൈക്ക് ഹമ്പിൽ കയറി ഉലഞ്ഞപ്പോൾ പിന്നിലിരുന്ന അറുപതുകാരി റോഡിലേക്ക് തെറിച്ചുവീണു. തലയ്ക്ക് ഉൾപ്പടെ സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുപതിൽപ്പരം അപകടം നേരിൽക്കണ്ടു
ബൈപ്പാസ് ഉദ്ഘാടനത്തിന് ശേഷം കടവൂരിൽ ഇരുപതിൽപ്പരം അപകടങ്ങളാണ് നേരിൽക്കണ്ടത്. ഇന്നലെ വൈകിട്ടും അപകടം നടന്നു. കടവൂരിലെ ഹമ്പ് അശാസ്ത്രീയമാണ്. സിഗ്നൽ സംവിധാനമുള്ളപ്പോൾ ഹമ്പിന്റെ ആവശ്യമില്ല. അടിയന്തിരമായി അധികൃതർ ഇടപെടണം.
വി. ശിവരാജൻ, ഇൻഷുറൻസ് സെന്റർ ഉടമ, കടവൂർ