കുന്നത്തൂർ: അധികാരത്തിലെത്തി പത്ത് ദിനങ്ങൾ പിന്നിട്ടാൽ കശുഅണ്ടി തൊഴിലാളികളുടെ പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലെത്തിയവർ അവരെ വഞ്ചിച്ചെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ജനമഹായാത്രയ്ക്ക് കുന്നത്തൂർ നിയോജക മണ്ഡലത്തിലെ ശാസ്താംകോട്ടയിൽ നൽകിയ സ്വീകരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളെ വഞ്ചിച്ച മുഖ്യമന്ത്രിയാണ് കാഷ്യൂ കോർപ്പറേഷന്റെ സുവർണ ജൂബിലിയിൽ മുഖ്യാതിഥിയാകുന്നത്. 1000 ദിനങ്ങൾ കഴിഞ്ഞിട്ടും കശുഅണ്ടി തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഇടനിലക്കാരെ ഒഴിവാക്കി സർക്കാർ നേരിട്ട് തോട്ടണ്ടി സംഭരിച്ച് അഴിമതിയില്ലാതെ ഫാക്ടറികളിൽ ജോലി നൽകാനാണ് അടുത്ത കാലത്ത് കാഷ്യൂ ബോർഡ് രൂപീകരിച്ചത്.എന്നാൽ കള്ളന്റെ കൈയിൽ താക്കോൽ ഏല്പിച്ചതു പോലെയാണ് ബോർഡിന്റെ പ്രവർത്തനം. വൻ അഴിമതിയും ക്രമക്കേടുമാണ് നടന്നു വരുന്നത്. ഇതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. സമ്മേളനത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം കെ.പി.സി.സി മുൻ അദ്ധ്യക്ഷൻ തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. നേതാക്കളായ ഡോ. ശൂരനാട് രാജശേഖരൻ, കൊടിക്കുന്നിൽ സുരേഷ് എം.പി, അഡ്വ. ബിന്ദു കൃഷ്ണ, പാലോട് രവി, രാജ്മോഹൻ ഉണ്ണിത്താൻ, പ്രയാർ ഗോപാലകൃഷ്ണൻ, പ്രതാപവർമ്മ തമ്പാൻ, ജി. രതികുമാർ, ജ്യോതികുമാർ ചാമക്കാല, എം.ഐ. ഷാനവാസ് ഖാൻ, ആർ. ചന്ദ്രശേഖരൻ, എം.വി. ശശികുമാരൻ നായർ, കല്ലട രമേശ്, കെ. കൃഷ്ണൻകുട്ടി നായർ, വിപിനചന്ദ്രൻ, വൈ. ഷാജഹാൻ, കാരുവള്ളിൽ ശശി, പി. രാജേന്ദ്രപ്രസാദ്, പി.കെ. രവി, അഡ്വ. തോമസ് വൈദ്യൻ, കല്ലട ഗിരീഷ്, അഡ്വ. ബി. തൃദീപ്കുമാർ, അഡ്വ. കാഞ്ഞിരവിള അജയകുമാർ, പി. നൂറുദ്ദീൻ കുട്ടി, കെ. സുകുമാരൻ നായർ, ഷീജാ രാധാകൃഷ്ണൻ, ജയശ്രീ രമണൻ, വഴുതാനത്ത് ബാലചന്ദ്രൻ, പ്രകാശ് മൈനാഗപ്പള്ളി, തോപ്പിൽ ജമാലുദ്ദീൻ, ഇടവനശേരി സുരേന്ദ്രൻ, ശാസ്താംകോട്ട സുധീർ, ദിനേശ് ബാബു, സുരേഷ് ചന്ദ്രൻ, വൈ. നജീം, വിഷ്ണു വിജയൻ, സിയാദ് ഭരണിക്കാവ്, ഷെമീർ, ഹാഷിം സുലൈമാൻ എന്നിവർ സംസാരിച്ചു. നൂറുകണക്കിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ രാവിലെ 11 ഓടെ അലങ്കരിച്ച ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ കുന്നത്തൂർ പാലം ജംഗ്ഷനിൽ നിന്നാണ് മുല്ലപ്പള്ളിയെ സ്വീകരണകേന്ദ്രമായ ശാസ്താംകോട്ടയിലേക്ക് ആനയിച്ചത്.