chanthanam
ഒറ്റക്കൽ ഗവ.ആയൂർവേദ ആശുപത്രിയുടെ മുറ്റത്ത് നിന്നും മുറിച്ച് കടത്തിയ ചന്ദന മരത്തിൻെറ കുറ്റിയും ശിഖിരങ്ങളും..

പുനലൂർ: തെന്മല പഞ്ചായത്തിലെ ഒറ്റക്കൽ ഗവ. ആയുർവേദ ആശുപത്രിയുടെ മുറ്റത്ത് നിന്ന കൂറ്റൻ ചന്ദന മരം മുറിച്ച് കടത്തി. കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്തെ ആശുപത്രി വളപ്പിൽ നിന്ന ലക്ഷങ്ങൾ വിലമതിക്കുന്ന 80 സെന്റീമീറ്റർ ചുറ്റുവണ്ണമുളള ചന്ദനമരമാണ് കടത്തിയത്. സർക്കാർ ഭൂമിയിൽ നിന്ന ചന്ദന മരം മുറിച്ച് കടത്തിയതിനെക്കുറിച്ച് ആരോഗ്യവകുപ്പ് അധികൃതരോ പഞ്ചായത്തോ പൊലീസിൽ പരാതി നൽകിയിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് വനം വകുപ്പ് അന്വേഷണം ആരംഭിച്ചതായി തെന്മല ഫോറസ്റ്റ് റെയ്ഞ്ചാഫീസർ വേണുകുമാർ അറിയിച്ചു. സമീപത്ത് ആശുപത്രി, സ്കൂൾ എന്നിവയ്ക്കായുള്ള പുതിയ കെട്ടിടത്തിന്റെ പണികൾ നടന്ന് വരികയാണ്. ജോലിക്കെത്തിയ തൊഴിലാളികളാണ് ചന്ദനക്കടത്തിന് പിന്നിലെന്നാണ് നാട്ടുകാരുടെ സംശയം. ഇതാണ് വനംവകുപ്പ് അന്വേഷണം ആരംഭിക്കാൻ കാരണം.