photo
3 വർഷമായി തരിശ്ശാരി കാട് പിടിച്ച് കിടക്കുന്ന കേരഫെഡിന്റെ നെൽവയൽ

കരുനാഗപ്പള്ളി: കേരഫെഡ് ഡയറക്ടർ ബോർഡ് പിടിമുറുക്കിയതോടെ കുടുംബശ്രീ യൂണിറ്റ് കൃഷി ചെയ്തിരുന്ന നെൽവയൽ കാട് കയറി നശിക്കുന്നു. കേരഫെഡിന്റെ നിയന്ത്രണത്തിലുള്ള പുതിയകാവിലെ 10 ഏക്കർ നെൽപ്പാടമാണ് കാട് കയറുന്നത്. കേരഫെഡ് ഡയറക്ടർ ബോർഡിന്റെ പിടിവാശി കാരണമാണ് നെൽക്കൃഷിയും എള്ള് കൃഷിയും നിറുത്തി വെയ്ക്കേണ്ടി വന്നതെന്ന് കർഷകർ പരാതിപ്പെടുന്നു. 1991ൽ ആണ് കേരഫെഡ് പുതിയകാവിൽ പ്രവർത്തനം ആരംഭിച്ചത്. ഫാക്ടറിയുടെ സമീപത്തായി 10 ഏക്കർ വിസ്തൃതിയിൽ നെൽവയലായിരുന്നു. തരിശായിക്കിടന്ന നെൽപ്പാടത്ത് 2008ൽ കുലശേഖരപുരത്തെ 150 കുടുംബശ്രീ പ്രവർത്തകർ കൃഷിയിറക്കാനായി സന്നദ്ധതയറിയിച്ചു. തുടർന്ന് കേരഫെഡ് സൗജന്യമായി കുടുംബശ്രീ പ്രവർത്തകർക്ക് നെൽവയൽ വിട്ടു കൊടുക്കുകയായിരുന്നു. കൃഷിവകുപ്പും കുലശേഖരപുരം ഗ്രാമ പഞ്ചായത്തും കുടുംബശ്രീ പ്രവർത്തകരെ സഹായിക്കാൻ രംഗത്തെത്തി. കൃഷിഭവൻ നൽകിയ ചെറിയ ഗ്രാന്റ് ഉപയോഗിച്ച് പെൺകരുത്തിൽ കാട് മൂടിക്കിടന്ന നെൽവയൽ കൃഷിയോഗ്യമാക്കി. കഴിഞ്ഞ 8 വർഷത്തിനിടെ ഇവിടെ രണ്ട് പ്രാവശ്യം നെൽ കൃഷിയും ഒരു പ്രാവശ്യം എള്ള് കൃഷിയും ഇറക്കിയിരുന്നു. ഒരു ഏക്കർ സ്ഥലത്തു നിന്നായി 4 ടൺ നെല്ലും 1.5 ടൺ എള്ളും ലഭിച്ചിരുന്നു. കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് ഉൽപാദിപ്പിച്ച് വിപണിയിലിറക്കുന്ന ഓണാട്ടുകര എള്ളെണ്ണയ്ക്ക് ആവശ്യമായ എള്ള് ഇവിടെത്തന്നെ കൃഷി ചെയ്യുകയായിരുന്നു. ഇവിടെ ഉൽപാദിപ്പിക്കുന്ന നെല്ല് പുഴുങ്ങി കുത്തി അരിയാക്കി നിയന്ത്രിത വിലയ്ക്ക് ആവശ്യക്കാർക്ക് നൽകിയിരുന്നു. അക്ഷരാർത്ഥത്തിൽ കുടുംബശ്രീ പ്രവർത്തകർക്ക് കൃഷി ഒരു വരുമാന മാർഗമായി മാറുകയായിരുന്നു. കൃഷി ഓഫീസർ വി.ആർ. ബിനീഷിന്റെ സഹകരണമാണ് തങ്ങൾക്ക് പ്രചോദനം ആയതെന്ന് കുടുംബശ്രീ പ്രവർത്തകർ പറയുന്നു.

മന്ത്രിക്ക് നിവേദനം

ഇന്നലെ കേരഫെഡിൽ പുതിയ പ്ലാന്റിന്റെ ശിലാസ്ഥാപനത്തിനെത്തിയ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന് കുടുംബശ്രീ പ്രവർത്തകർ നിവേദനം നൽകി. മന്ത്രിയുടെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് കുടുംബശ്രീ പ്രവർത്തകരും കുലശേഖരപുരത്തെ കർഷകരും.

കൃഷി നിൽക്കാൻ കാരണം

എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതോടെ കേരഫെഡിലെ ചെയർമാൻ ഉൾപ്പെടെയുള്ളവർ രാജിവെയ്ക്കുകയും പുതിയ ഭരണ സമിതി ചുമതല ഏൽക്കുകയും ചെയ്തു. ഇതോടെയാണ് കുടുംബശ്രീയുടെ കൃഷിക്ക് പൂട്ട് വീണത്. കേരഫെഡിന്റെ നെൽവയലിൽ കൃഷി ചെയ്യണമെങ്കിൽ 10000 രൂപ കേരഫെഡിന് നൽകണമെന്നായിരുന്നു പുതിയ ഡയറക്ടർ ബോർഡിന്റെ തീരുമാനം. ഇത്രയും തുക നൽകാൻ കുടുംബശ്രീ പ്രവർത്തകർക്ക് കഴിയുമായിരുന്നില്ല. തുടർന്നാണ് കുടുംബശ്രീ പ്രവർത്തകർ കൃഷിയിൽ നിന്ന് പിൻവാങ്ങിയത്. കഴിഞ്ഞ 3 വർഷമായി നെൽവയൽ തരിശായി കിടക്കുകയാണ്. എള്ള് കൃഷി നിലച്ചതോടെ ഓണാട്ടുകര എള്ളെണ്ണയുടെ ഉൽപാദനവും വിപണനവും നിലച്ചു.

1991 ൽ ആണ് കേരഫെഡ് പുതിയകാവിൽ പ്രവർത്തനം ആരംഭിച്ചത്

ഒരു ഏക്കർ സ്ഥലത്തു നിന്നായി 4 ടൺ നെല്ലും 1.5 ടൺ എള്ളും ലഭിച്ചിരുന്നു