പുനലൂർ: ചൗക്ക റോഡിന് സമീപം നിർമ്മാണം പൂർത്തിയാക്കിയ റെയിൽവേ അടിപ്പാതയോട് ചേർന്ന് അപ്രോച്ച് റോഡ് പണിക്കാവശ്യമായ ഭൂമി വിട്ടു നൽകാൻ ഉടമകൾ വിസമ്മതിച്ചതിനാൽ സ്ഥലത്തിന്റെ വില കോടതിയിൽ കെട്ടി വയ്ക്കും. തുടർന്ന് ജില്ലാ കളക്ടർ ഭൂമി ഏറ്റെടുക്കും. വസ്തു കൈമാറ്റത്തിനുള്ള രേഖകൾ ഒപ്പ് വയ്ക്കാൻ ഡെപ്യൂട്ടി കളക്ടർ ജി. ഉഷാകുമാരിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പുനലൂരിലെത്തിയെങ്കിലും ഉടമകൾ ഭൂമിയുടെ വില കുറഞ്ഞു പോയെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. തുടർന്ന് ഇവരുടെ വീടുകളിൽ നോട്ടീസ് പതിപ്പിച്ച ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയെന്നും ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. ഇതിനെ തുടർന്നാണ് ഭൂമിയുടെ വില ജില്ലാ സെഷൻസ് കോടതിയിൽ കെട്ടി വച്ച ശേഷം റോഡ് പണിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നത്. പണം അടച്ചാലുടൻ തന്നെ ഏത് സമയത്തും ഭൂമി ഏറ്റെടുത്ത് അപ്രോച്ച് റോഡ് പണി ആരംഭിക്കാനാണ് നീക്കം. നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ, ഡെപ്യൂട്ടി തഹസിൽദാർ സന്തോഷ് ജി. നാഥ്, പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിനിയർ ജലജ തുടങ്ങിയ ഉദ്യോഗസ്ഥർ ഡെപ്യൂട്ടി കളക്ടർക്കൊപ്പം പുനലൂരിലെത്തിയിരുന്നു.
ചർച്ച നടത്തിയിരുന്നു
മൂന്ന് ദിവസം മുമ്പ് സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഭൂ ഉടമകളുമായി ജില്ലാ കളക്ടർ ചർച്ച നടത്തിയിരുന്നു. എന്നാൽ വസ്തുവിന്റെ വില കുറഞ്ഞു പോയെന്ന കാരണം പറഞ്ഞാണ് ഭൂ ഉടമകൾ ഭൂമി വിട്ടു നൽകാതിരുന്നത്. തുടർന്നാണ് ഭൂമി സന്ദർശിച്ച ശേഷം വസ്തു കൈമാറ്റത്തിന് ഒപ്പ് വയ്ക്കാൻ ഉടമകളെ സമീപിച്ചതെന്ന് ഡെപ്യൂട്ടി കളക്ടർ ജി. ഉഷാകുമാരി അറിയിച്ചു. എന്നാൽ ഭൂ ഉടമകൾ വസ്തു കൈമാറ്റത്തിന് തയ്യാറായില്ല.
ഭൂമി പൊതുമരാമത്ത് വകുപ്പിന് കൈമാറും
ഭൂമി ഏറ്റെടുത്ത ശേഷം പൊതുമരാമത്ത് വകുപ്പിന് കൈമാറും. തുടർന്ന് അപ്രോച്ച് റോഡ് പണി ആരംഭിക്കും. മൂന്ന് വർഷം മുമ്പാണ് പുനലൂർ-ചെങ്കോട്ട റെയിൽവേ ഗേജ്മാറ്റത്തിന്റെ ഭാഗമായി ചൗക്ക റോഡിന് സമീപത്ത് റെയിൽവേ അടിപ്പാത പണിതത്. എന്നാൽ ഇതിനോട് ചേർന്ന് അപ്രോച്ച് റോഡ് പണിക്കാവശ്യമായ ഭൂമി വിട്ട് നൽകാൻ ഭൂ ഉടമകൾ തയ്യാറായില്ല. ഭൂമി വിട്ട് നൽകുന്നത് നീണ്ട് പോയതിനാലാണ് ജില്ലാകളക്ടർ കർശന നടപടിയുമായി നീങ്ങിയത്.