ഉദ്ഘാടനം മാർച്ച് മാസം ആദ്യവാരത്തിൽ
കരുനാഗപ്പള്ളി: ഇ.എസ്.ഐ കോർപ്പറേഷൻ പുത്തൻതെരുവിൽ നിർമ്മിച്ച ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. കോർപ്പറേഷന്റെ ഡൽഹി ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിക്കാൻ താമസിച്ചതാണ് ഉദ്ഘാടനം വൈകാൻ കാരണമായതെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. 3 വർഷങ്ങൾക്ക് മുമ്പ് 2.65 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഹിന്ദുസ്ഥാൻ ലാറ്റക്സിനായിരുന്നു നിർമ്മാണച്ചുമതല. 2015ൽ ഹിന്ദുസ്ഥാൻ ലാറ്റക്സ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കി താക്കോൽ ഇ.എസ്.ഐ കോർപ്പറേഷന് കൈമാറിയിരുന്നു. വർഷങ്ങളായി വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഡിസ്പെൻസറിയും ബ്രാഞ്ച് ഓഫീസും പുതിയ കെട്ടിടത്തിലേക്ക് ഉടനെ മാറ്റുമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ഒാരോ കാരണങ്ങൾ പറഞ്ഞ് കെട്ടിടത്തിന്റെ ഉദ്ഘാടനം നീട്ടിക്കൊണ്ട് പോവുകയായിരുന്നു. നോക്കാൻ ആളില്ലാതായതോട കെട്ടിടവും പരസരവും കാട് പിടിച്ച് തുടങ്ങി. കെട്ടിടത്തിന്റെ പൊക്കത്തിൽ വളർന്ന് നിന്ന പുൽക്കാട് ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി മാറിയിരുന്നു. തുടർന്ന് നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയതോടെ കോർപ്പറേഷൻ ഉദ്യോഗസ്ഥർ വല്ലപ്പോഴും കാടുകൾ വെട്ടിത്തളിച്ച് പരിസരം വൃത്തിയാക്കിയിരുന്നു. കെട്ടിടത്തിന്റെ ഉദ്ഘാടനം നീണ്ട് പോകുന്നതിനെതിരെ കേരളകൗമുദി പത്രം ഒന്നിലധികം തവണ വാർത്ത നൽകിയിരുന്നു. വാർത്ത ഉയർന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനുള്ള ശ്രമം ആരംഭിച്ചു. മാർച്ച് മാസം ആദ്യവാരത്തിൽ ഉദ്ഘാടനം നടത്തുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞത്. ഉദ്ഘാടനത്തിന്റെ ഭാഗമായി കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്തി പെയിന്റിംഗ് ജോലി തീർത്ത് കഴിഞ്ഞു. ഗ്രൗണ്ടിന്റെ പണിയും ഏതാണ്ട് പൂർത്തിയായി. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് കെട്ടിടത്തിന്റെ ഉദ്ഘാടനം നടക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
ഡിസമ്പർ 18 ന് ഇറങ്ങിയ പത്രം
ഇരുനില കെട്ടിടം
5000 സ്ക്വയർ മീറ്റർ വിസ്തൃതിയിൽ രണ്ട് നിലകളുള്ള കെട്ടിടമാണ് നിർമ്മിച്ചത്. താഴത്തെ നിലയിൽ ഡിസ്പെൻസറിയും മുകളിലത്തെ നിലയിൽ ഇ.എസ്.ഐ ബ്രാഞ്ച് ഓഫീസും പ്രവർത്തിക്കുന്ന തരത്തിലാണ് കെട്ടിടം രൂപകല്പന ചെയ്തിരിക്കുന്നത്.
2013 ൽ ആണ് നിർമ്മാണം ആരംഭിക്കുന്നത്
2.65 കോടി രൂപ ചെലവ്