കൊട്ടാരക്കര: കൊട്ടാരക്കര താലൂക്കിലെ റോഡുവിള, കാരാളികോണം, അർക്കന്നൂർ പ്രദേശങ്ങളിൽ സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ അനർഹർ കൈവശം വച്ച് റേഷൻ വാങ്ങാൻ ഉപയോഗിച്ച് വന്ന 15 എ.എ.വൈ റേഷൻ കാർഡുകൾ പിടിച്ചെടുത്തു. മെച്ചപ്പെട്ട ജീവിതനിലവാരമുള്ള ഇവർ പരമദരിദ്രവിഭാഗങ്ങൾക്കായി പ്രതിമാസം 35 കിലോ ധാന്യം സൗജന്യമായി നൽകുന്ന റേഷൻ കാർഡുകളാണ് കൈവശം വെച്ചിരുന്നത്. റേഷൻകാർഡ് പുതുക്കലിന് ശേഷം നിരവധി തവണ നൽകിയ മുന്നറിയിപ്പിനെ അവഗണിച്ച് നിയമവിരുദ്ധമായി ഇവർ റേഷൻ വാങ്ങുകയായിരുന്നു. പിടിച്ചെടുക്കപ്പെട്ട കാർഡ് ഉടമകളിൽ സർക്കാർ ഉദ്യോഗസ്ഥരും വിദേശത്ത് കുടുംബാംഗങ്ങളുള്ളവരും ഉൾപ്പെടും. 10500 കിലോ ഗ്രാം ധാന്യമാണ് ഇവർ കഴിഞ്ഞ 20 മാസത്തിനിടെ സർക്കാരിനെ കബളിപ്പിച്ച് വാങ്ങിയത്. പൊതുവിപണിയിൽ ഇതിന് മൂന്ന് ലക്ഷം രൂപയിലധികം വില വരും. വില ഈടാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ എസ്.എ. സെയ്ഫ് അറിയിച്ചു.
അനർഹമായി എ.എ.വൈ (മഞ്ഞ), മുൻഗണന (പിങ്ക്) റേഷൻ കാർഡുകൾ കൈവശം വെച്ച് റേഷൻ വാങ്ങുന്ന മെച്ചപ്പെട്ട ജീവിത നിലവാരമുള്ളവർ അഞ്ചിന് മുമ്പ് അവ സപ്ലൈ ഓഫീസിൽ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റി നിയമനടപടികളിൽ നിന്ന് ഒഴിവായില്ലെങ്കിൽ കർശന നടപടി സ്വീകരിക്കും. ഇവരുടെ പട്ടിക താലൂക്ക് സപ്ലൈ ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട്. ഇനി ഇത് സംബന്ധിച്ച് അറിയിപ്പ് നൽകില്ലെന്നും ടി.എസ്.ഒ അറിയിച്ചു. റേഷൻ കാർഡുകൾ പിടിച്ചെടുത്ത റെയ്ഡിൽ റേഷനിംഗ് ഇൻസ്പെക്ടർമാരായ എസ്. അജിത്കുമാർ, എച്ച്. താജുദ്ദീൻ, പി. സുജ, ആർ. നസീലാ ബീഗം, വി. ശോഭ, എൻ. ഷീജ, ദിവ്യ കൃഷ്ണ, ജെ.കെ. പ്രമോദ് എന്നിവരും പങ്കെടുത്തു.