ചാലക്കുടി: സംഗീതത്തിന്റെ ശാസ്ത്രീയതയൊന്നും വശമില്ല, എങ്കിലും അവൾ പാടും, മധുര മനോജ്ഞമായി. ആരും പഠിപ്പിച്ചിട്ടില്ല, പക്ഷേ ഗ്ലാസുകളിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ തീർക്കും. തുന്നലും തുണിത്തരങ്ങളിലെ ഡിസൈനുകളും ഇവൾക്ക് വഴങ്ങും. പരിധികളില്ലാത്ത കഴിവുകളുള്ള ഈ മിടുക്കി വീൽച്ചെയറിലാണ്. അനുദിനം ശരീരം നിശ്ചലമാകുന്ന രോഗത്തിന്റെ പിടിയിൽ. ഹതഭാഗ്യയായ അവളുടെ പേര് ഗീതു. കരിമ്പനയ്ക്കൽ ശശിയുടെ രണ്ടു മക്കളിൽ ഇളയവൾ. വയസ് 28. സ്റ്റേജ് ഷോകളിൽ വരെ അവൾ പാടി . മിമിക്രിയും മോണോ ആക്ടും ടിവിയിൽ നിന്നും കണ്ടുപഠിച്ചു. വീൽച്ചെയറിലെ ഉരുളുന്ന ജീവിതത്തിനിടയിൽ പ്ലസ്ടൂ പാസായി. ആത്മവിശ്വാസമാണ് ഇന്നും കൈമുതൽ..
നട്ടെല്ല് വളയുന്ന കിപ്പോ സ്‌കോലിയോസിസ് എന്ന രോഗമാണ് അവൾക്ക്.
മകൾക്കായി കൈയിലുള്ളതെല്ലാം ചെലവഴിച്ചു ശശി. ഭാര്യ ഉഷ ആവോളം പരിചരിച്ചു. ഭക്ഷണം കഴിപ്പിക്കാൻ, ഒന്നങ്ങോട്ടും ഇങ്ങോട്ടും നീങ്ങാൻ വരെ അവർ കൂടെ നിന്നു.. ഉഴിച്ചിലും പിഴിച്ചിലുമെല്ലാമായി കാലങ്ങൾ പിന്നിടുമ്പോഴും മകളുടെ അവയവങ്ങൾ നിശ്ചലമാകുന്നത് മരവിച്ച മനസോടെ അവർ നോക്കി നിൽക്കുകയാണ്.
ഏഴാം ക്ലാസുവരെ ചാലക്കുടിയിലെ കോൺവെന്റ് സ്‌കൂളിലായിരുന്നു പഠനം. ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സംരക്ഷണ കേന്ദ്രമായ ശാന്തിഭവനിൽ പഠനകാലത്ത് വേച്ചുവേച്ച് നടക്കാൻ കഴിഞ്ഞിരുന്നു. ഹയർസെക്കൻഡറിയിലെ പഠനം അത്ര സുഗമമായിരുന്നില്ല. മഠത്തിലെ അകത്തളത്തിൽ വീൽച്ചെയറിലും കട്ടിലിലുമൊക്കെയായിരുന്നു പഠനം. ഇപ്പോൾ പി.എസ്.സി പരീക്ഷാ പരിശീലനത്തിലാണ്. ഇതിനിടെ ബാറ്ററിയിൽ ഓടുന്ന പഴയൊരു സ്‌കൂട്ടർ ലഭിച്ചു. എന്നാൽ ഇപ്പോൾ അത് ഉപയോഗിക്കാനാവുന്നില്ല. ഇപ്പോൾ ഇവളുടെ താമസവും പഠനവും ശാന്തി ഭവനിൽത്തന്നെ. ഒന്നിടവിട്ട ദിവസങ്ങളിൽ ഉഷ എത്തി കുളിപ്പിക്കും, മറ്റ് കാര്യങ്ങൾ നടത്തും. സഹായത്തിന് മറ്റൊരു സ്ത്രീയുമുണ്ട്. ഇനിയും എത്രനാൾ ഇങ്ങനെ മുന്നോട്ടുപോകുമെന്ന ആശങ്കയിലാണെന്ന് ശശി പറയുന്നു. മൂത്ത മകൻ ശ്രീജിത്ത് അങ്കമാലിയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. സ്വന്തമായി സ്ഥലവും വീടുമൊന്നുമില്ലാത്ത ശശിയും കുടുംബവും ഇപ്പോഴും വാടക വീട്ടിലാണ്. വിശാല മനസുകളുടെ സഹായമുണ്ടായാൽ ഇനിയും തളർച്ച ബാധിക്കാത്ത മനസുള്ള ഗീതുവിന് ഏറെദൂറം മുന്നോട്ട് പോകാനാകും. അതിനായി കാത്തിരിക്കുകയാണ് ഈ കുടുംബം..
................................
തളരുന്ന ശരീരത്തെ ഭയമില്ല. മറ്റുള്ളവരെപ്പോലെ പഠിച്ച കാര്യങ്ങളിൽ ഇനിയും ശ്രദ്ധ കൊടുക്കും
ഗീതു