തൃശൂർ: നെല്ല് ചാക്കിലാക്കി തൂക്കം നോക്കി വാഹനത്തിൽ കയറ്റുന്നതിനുള്ള കൂലിയെച്ചൊല്ലി മില്ലുടമകളും കർഷകരും തമ്മിലുള്ള തർക്കം മുറുകി. ഇരുകൂട്ടരും തമ്മിലുള്ള തർക്കം മൂലം ജില്ലയിൽ സംഭരണം പ്രതിസന്ധിയിൽ. പലയിടത്തും കൊയ്ത്ത് നടന്നു. ചിലയിടങ്ങളിൽ നടക്കാനിരിക്കുന്നു. സംഭരണം വൈകുംതോറും നഷ്ടം കർഷകനാണ്.
ചാക്ക് നൽകേണ്ട ചുമതല മാത്രമേ മില്ലുടമകൾക്കുള്ളൂവെന്നും നെല്ല് ചാക്കിലാക്കി വാഹനത്തിൽ കയറ്റേണ്ടത് കർഷകരാണെന്നുമാണ് മില്ലുടമകളുടെ വാദം. ഇതിന് ക്വിന്റലിന് 12 രൂപയാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. കൂടുതൽ വേണമെന്ന കർഷകരുടെ വാദം അംഗീകരിക്കാൻ കഴിയില്ലെന്നും മില്ലുടമകൾ വ്യക്തമാക്കി. സപ്‌ളൈകോയും മില്ലുടമകളും തമ്മിലുള്ള കരാർ പ്രകാരം കൊയ്ത്തുകഴിഞ്ഞ നെല്ല് ചാക്കിലാക്കി ചൂക്ക് നൂല് ഉപയോഗിച്ച് തുന്നിക്കെട്ടി തൂക്കം നോക്കി വാഹനത്തിൽ കയറ്റുന്ന പണി മില്ലുടമകളാണ് ചെയ്യേണ്ടതെന്ന് കർഷകരും വാദിക്കുന്നു. ഇതിന് ക്വിന്റലിന് 49 രൂപ ഹാൻഡ്‌ലിംഗ് ചാർജ് ഇനത്തിൽ അനുവദിക്കുന്നുണ്ട്.
ഈ പണികൾ കർഷകരെ കൊണ്ട് ചെയ്യിക്കുകയാണ് മില്ലുടമകൾ. അതിന് വിസമ്മതിച്ചാൽ സംഭരണം നടത്തില്ലെന്ന് മില്ലുടമകൾ ഭീഷണിപ്പെടുത്തുന്നതിനാൽ നെല്ല് നശിച്ചുപോകുമെന്ന ഭയത്താൽ ജോലി ചെയ്യാൻ തങ്ങൾ നിർബന്ധിതരാവുകയാണെന്ന് കർഷകർ പറയുന്നു.
രണ്ടുവർഷം മുമ്പാണ് സംസ്ഥാനത്തെ മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി നെല്ല് സംഭരണത്തിൽ തൃശൂർ ജില്ലയിൽ പ്രശ്‌നങ്ങൾ ഉടലെടുത്തത്. മന്ത്രിമാരും എം.എൽ.എമാരും നിരവധി തവണ ഇക്കാര്യത്തിൽ ചർച്ച നടത്തിയെങ്കിലും ഫലപ്രദമായ തീരുമാനം ഉണ്ടായില്ല. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ മില്ലുടമകൾക്ക് അനുകൂലമായി സർക്കാർ തീരുമാനമെടുത്തുവെന്നാണ് കർഷകരുടെ പരാതി.
കർഷകരുടെ വാദം
ഒന്നുകിൽ മില്ലുകാരുടെ ചുമതലകൾ അവർ തന്നെ നിർവഹിക്കണം. അല്ലെങ്കിൽ കർഷർക്ക് അർഹമായ കൂലി നൽകണം. നെല്ല് ചാക്കിലാക്കി വാഹനത്തിൽ കയറ്റേണ്ട ജോലി കർഷകരാണ് ചെയ്യേണ്ടതെങ്കിൽ ഹാൻഡ്‌ലിംഗ് ചാർജ് ഇനത്തിൽ 49 രൂപ എന്തിനാണ് മില്ലുടമകൾ സപ്‌ളൈകോയിൽ നിന്നു വാങ്ങുന്നത്. അത് കർഷകർക്ക് നേരിട്ട് തരാൻ സർക്കാർ വ്യവസ്ഥയുണ്ടാക്കണം.
മില്ലുടമകളുടെ വാദം
2005ൽ 120തോളം മില്ലുകൾ ഉണ്ടായിരുന്നു. ഇന്നത് 50തായി ചുരുങ്ങി. നെല്ല് സംഭരിച്ച് സംസ്‌കരിച്ച് അരിയാക്കി സപ്‌ളൈകോ വണ്ടികളിൽ കയറ്റുന്നതിന് 2009ൽ 108 രൂപയാണ് ലഭിച്ചത്. ഇന്നത് 214 രൂപയായി. ഇതിൽ നെല്ല് നിറക്കുന്നതിനുള്ള ചാക്കിന് 25 രൂപയും ട്രാൻസ്‌പോർട്ടേഷന് 70 രൂപയും അരി നിറയ്ക്കുന്നതിനുള്ള ചാക്കിന് 110 രൂപയും കർഷകർക്ക് നൽകുന്ന കയറ്റുകൂലി 12 രൂപയും ചേർത്ത് 219 രൂപ ചെലവ് വരുന്നുണ്ട്. മറ്റു ചെലവുകൾ അടക്കം ക്വിന്റലിന് 457 രൂപ ചെലവ് വരുന്നുണ്ട്. ഇക്കാര്യം സർക്കാരിനെ അറിയിച്ചതിനെ തുടർന്നാണ് നിലവിലെ സ്ഥിതി തുടരാൻ ആവശ്യപ്പെട്ടത്.
ഉപരോധം നാലിന്
കരാർ നടപ്പിലാക്കാനുള്ള ആർജ്ജം സർക്കാർ കാണിക്കണമെന്ന ആവശ്യം ഉന്നയിച്ച് ജില്ലാ കോൾ കർഷകസംഘത്തിന്റെ ആഭിമുഖ്യത്തിൽ നാലിന് അയ്യന്തോൾ പാഡി മാർക്കറ്റിംഗ് ഉപരോധിക്കാൻ കോൾ കർഷക സംഘത്തിന്റെ അടിയന്തര യോഗം തീരുമാനിച്ചു.