തൃശൂർ: സംസ്ഥാന ബഡ്ജറ്റ വിലക്കയറ്റമുണ്ടാക്കുമെന്നും കേന്ദ്രത്തിന്റെ ഇലക്‌ഷൻ ബഡ്ജറ്റ് ജനം വിശ്വസിക്കില്ലെന്നും കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസ് കെ. മാണി. കർഷകർക്കു സഹായധനം നൽകുമെന്ന വാഗ്ദാനം വിശ്വാസയോഗ്യമല്ല. കേരളയാത്രയുമായി തൃശൂർ ജില്ലയിൽ പര്യടനം നടത്തുന്ന അദ്ദേഹം രാമനിലയത്തിൽ മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു.
പി.ജെ. ജോസഫിന്റെ പ്രാർത്ഥനായജ്ഞം കേരള യാത്രയ്ക്കു മുമ്പേ തീരുമാനിച്ചതാണ്. ഞങ്ങളും അദ്ദേഹം നയിക്കുന്ന പ്രാർത്ഥനാ യജ്ഞത്തിനൊപ്പമുണ്ട്. പി.ജെ. ജോസഫിന്റെ പ്രാർത്ഥനാ യജ്ഞപരിപാടിയിൽ പി.സി. ജോർജ് എം.എൽ.എ പോയതിനെക്കുറിച്ചു മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ജോർജ് പലയിടത്തും കയറിയിറങ്ങുന്നുണ്ട്, അതിനു ഞങ്ങൾ മറുപടി പറയേണ്ടതില്ലെന്നാണു പ്രതികരണം.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മൂന്നു സീറ്റ് ചോദിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് ലയനത്തിനുശേഷം അർഹമായ അംഗീകാരം ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
കാർഷിക കടങ്ങൾക്കു മോറട്ടോറിയം പ്രഖ്യാപിച്ചെന്നു സർക്കാർ അവകാശപ്പെട്ടെണ്ടെങ്കിലും സഹകരണ ബാങ്കുകൾ പോലും കർഷകർക്കു ജപ്തി നോട്ടീസ് അയക്കുകയാണ്. കാർഷികോത്പന്നങ്ങൾക്കു ന്യായ വിലയില്ല. കാർഷിക വായ്പയ്ക്ക് ഒരു വർഷത്തെ പലിശ ഒഴിവാക്കിക്കൊടുക്കുകയാണു വേണ്ടത്. വായ്പാതുക അടച്ചുതീർക്കാൻ സാവകാശവും വേണം.
കേരള കോൺഗ്രസ് നേതാക്കളായ തോമസ് ഉണ്ണിയാടൻ, എം.ഡി. തോമസ്, ബേബി മാത്യു കാവുങ്കൽ, സെബാസ്റ്റ്യൻ ചൂണ്ടൽ, അഡ്വ. ജോബ് മൈക്കിൾ, സി.വി. കുര്യാക്കോസ്, ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത് എന്നിവരും ജോസ് കെ. മാണിക്കൊപ്പം ഉണ്ടായിരുന്നു. കേരള യാത്രയ്ക്ക് തൃശൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.