തൃശൂർ: രാമവർമ്മപുരം പൊലീസ് അക്കാഡമിയിൽ ഭക്ഷ്യവിഷബാധ. വനിതാ പൊലീസ് ട്രെയിനികൾ ഉൾപ്പെടെ 45ഓളം പേർ ആശുപത്രിയിൽ ചികിത്സ തേടി. വ്യാഴാഴ്ച രാത്രിയോടെ അക്കാഡമി മെസിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് അസ്വസ്ഥതയുണ്ടായത്. ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ട 20തോളം പേരെ രാത്രിയിൽ തന്നെ ആശുപത്രിയിലെത്തിച്ചു. ഇന്നലെ രാവിലെയാണ് 25ഓളം പേരെ സമാന അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിലെത്തിച്ചത്. ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ചിലർക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. പാചകത്തിന് ഉപയോഗിക്കുന്ന വെള്ളത്തിൽ നിന്നായിരിക്കാം വിഷബാധയുണ്ടായതെന്ന് സംശയിക്കുന്നു. ഡി.എം.ഒയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചു.