തൃശൂർ: കേരളവർമ്മ കോളേജിലെ എസ്.എഫ്.ഐ നേതാവ് അനധികൃതമായി അഡിഷണൽ ഷീറ്റ് കൈവശപ്പെടുത്തി കോപ്പിയടിച്ച കാര്യം യൂണിവേഴ്‌സിറ്റിക്ക് പ്രിൻസിപ്പൽ റിപ്പോർട്ട് ചെയ്യും. വിദ്യാർത്ഥിനിയുടെ കോപ്പിയടി പിടികൂടിയ അദ്ധ്യാപികയിൽ നിന്നും വിശദീകരണം ലഭിച്ച ശേഷമാകും നടപടി. കഴിഞ്ഞ ദിവസം നടന്ന സിംബോളിക് ലോജിക് ആൻഡ് ഇൻഫർമാറ്റിക്‌സ് (ഫിലോസഫി) പരീക്ഷയിലാണ് അഡീഷണൽ ഷീറ്റിൽ ഉത്തരങ്ങൾ എഴുതിക്കൊണ്ട് വന്ന് വിദ്യാർത്ഥിനി കോപ്പിയടിക്കാൻ ശ്രമിച്ചത്. പരീക്ഷാച്ചുമതലയുണ്ടായിരുന്ന അദ്ധ്യാപിക ഇത് കൈയോടെ പിടികൂടി പ്രിൻസിപ്പലിനെ ഏൽപ്പിച്ചു. പ്രിൻസിപ്പൽ തുടർ നടപടി സ്വീകരിക്കാതിരുന്നതോടെ ഒതുക്കിത്തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണവുമായി മറ്റു സംഘടനാ നേതാക്കൾ രംഗത്തെത്തിയതോടെ കോപ്പിയടി വിവാദത്തിലായി.
സി.പി.എം നേതാക്കൾ ഇടപെട്ട് സംഭവം ഒതുക്കിയെന്നായിരുന്നു ആരോപണം. ഇതറിഞ്ഞതോടെ എ.ഐ.എസ്.എഫ് നേതാക്കൾ പ്രിൻസിപ്പലിനെ സമീപിച്ചു. പ്രിൻസിപ്പലുമായി നടത്തിയ ചർച്ച രഹസ്യമായി ചിത്രീകരിച്ചു. വിദ്യാർത്ഥി അഡിഷണൽ ഷീറ്റ് തരപ്പെടുത്തി കോപ്പിയടിച്ചെന്ന് പ്രിൻസിപ്പൽ സമ്മതിക്കുന്നതായിരുന്നു എ.ഐ.എസ്.എഫ് നേതാക്കൾ പകർത്തിയ വീഡിയോ. കോപ്പിയടിച്ച വിദ്യാർത്ഥിനിയെ പരീക്ഷ എഴുതിക്കാൻ അനുവദിക്കില്ലെന്നും പ്രിൻസിപ്പൽ വീഡിയോയിൽ പറയുന്നുണ്ട്. എ.ഐ.എസ്.എഫിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത വീഡിയോ ചോർന്നതോടെ വൈറലായി.
എസ്.എഫ്.ഐ നേതാവിന് അഡിഷണൽ പേപ്പർ കിട്ടിയത് എങ്ങനെയാണന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. ഗുരുതര വീഴ്ചയാണ് കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും കോളേജിൽ നടക്കുന്ന പരീക്ഷകൾ സുതാര്യമല്ലെന്നും സമഗ്രാന്വേഷണം നടത്തണമെന്നും വിദ്യാർത്ഥി സംഘടനകൾ ആവശ്യപ്പെട്ടു.
നടപടി സ്വീകരിക്കും
കോപ്പിയടിച്ചെന്ന് ബോദ്ധ്യപ്പെട്ടാൽ നടപടി സ്വീകരിക്കും. യൂണിവേഴ്‌സിറ്റിയെ ഇക്കാര്യം അറിയിക്കും. തുടർ നടപടി സ്വീകരിക്കേണ്ടത് യൂണിവേഴ്‌സിറ്റി അധികൃതരാണ്. സംഭവം ഒതുക്കിതീർത്തുവെന്ന ആരോപണം തെറ്റാണ്- കൃഷ്ണകുമാരി (പ്രിൻസിപ്പൽ, കേരള വർമ്മ കോളേജ്)