theft
നെറ്റിപ്പട്ടം

ചാവക്കാട്: മണത്തല ചന്ദനകുടം നേർച്ചക്കിടെ നെറ്റിപട്ടം മോഷ്ടിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിൽ എടുത്ത ആനപാപ്പാൻമാരെ വിട്ടയച്ചു. ബ്ലാങ്ങാട് ബീച്ചിൽ നിന്നുള്ള മിറാക്കിൾസ് കാഴ്ച കമ്മിറ്റിക്കാർ തൃശൂരിൽ നിന്നും വാടകെക്കെടുത്ത് കൊണ്ടുവന്ന 12 നെറ്റിപട്ടങ്ങളിൽ രണ്ടെണ്ണമാണ് കാണാതായത്. ഇതിലൊന്ന് കാറിൽ കടത്തി കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ പിടികൂടിയതിനാൽ പൊലീസെത്തി പാപ്പാന്മാരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മോഷ്ടിച്ചു വിൽപ്പന നടത്തുന്ന സംഘമാണ് ഇതിനു പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഒരു ആന പാപ്പാനാണ് ഇതിന്റെ പ്രധാന സൂത്രധാരൻ. മറ്റു ആനപാപ്പാൻമാരെ ഉപയോഗിച്ചാണ് മോഷണം നടത്തുന്നത്. ഒരു നെറ്റിപട്ടം സംഘത്തിന്റെ വാഹനത്തിൽ കയറ്റി കൊടുത്താൽ 5000 രൂപയാണ് പ്രതിഫലം നൽകുന്നത്.

മണത്തല നേർച്ചയുടെ സമാപന ദിവസം വൈകീട്ട് ബീച്ചിൽ നിന്നുള്ള നാട്ടുകാഴ്ചയിൽ ആനകൾ ഇടഞ്ഞു പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നു. പിന്നീട് ഈ ആനകളെ പല പറമ്പുകളിലായാണ് തളച്ചത്. ഇവയുടെ നെറ്റിപട്ടങ്ങൾ പല സ്ഥലത്തും അഴിച്ചുവച്ചു. ബുധനാഴ്ച രാവിലെ നോക്കിയപ്പോൾ രണ്ട് നെറ്റിപട്ടങ്ങൾ കുറവ് കാണുകയായിരുന്നു. ആനയെ തളച്ചതിനു സമീപം കിടന്നിരുന്ന കാറിന്റെ ഡിക്കിയിലേക്ക് പായക്കെട്ട് കയറ്റുന്നത് കണ്ടപ്പോഴാണ് സംശയം വർദ്ധിച്ചത്. പാപ്പാൻമാർ ഉറങ്ങാൻ ഉപയോഗിക്കുന്ന പായയിൽ ചുരുട്ടികെട്ടിയ നിലയിലായിരുന്നു നെറ്റിപട്ടം. ആന പാപ്പാന്മാരോട് ചോദിച്ചപ്പോൾ ചങ്ങലയെന്നാണ് ആദ്യം പറഞ്ഞത്. ഒരു നെറ്റിപട്ടം മാത്രമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. മറ്റൊരണ്ണം തലേന്നു രാത്രി കടത്തിയതായി സംശയിക്കുന്നു. പിന്നീട് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. 80000 മുതൽ 2ലക്ഷം രൂപവരെ നെറ്റിപട്ടങ്ങൾക്കു വിലയുള്ളതായി പറയുന്നു. 2000 – 3000 രൂപയാണ് ഇവയുടെ ദിവസ വാടക. എന്നാൽ പിന്നീട് സംഘാടകരെത്തി പരാതിയില്ലെന്നും നെറ്റിപ്പട്ടം അറിയാതെ മാറിയെടുത്തതാണെന്നും പറഞ്ഞതിനെ തുടർന്ന് പാപ്പാന്മാരെ വെറുതെ വിടുകയായിരുന്നു.