തൃശൂർ: വ്യാജ ഇ മെയിൽ വിലാസം ഉണ്ടാക്കി ബാങ്കുകളിൽ നിന്ന് പണംതട്ടിയെടുക്കുന്ന നൈജീരിയൻ സംഘത്തെ തൃശൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. നൈജീരിയക്കാരായ അകേലാ, ക്രിസ്ത്യൻ ഒബിജി, പാസ്‌കൽ, സാംസൺ എന്നിവരാണ് പിടിയിലായത്. ഗുരുവായൂരിലുള്ള ബാങ്ക് ഒഫ് ബറോഡ ബാങ്കിലെ എൻ.ആർ.ഐ വ്യവസായിയുടെ അക്കൗണ്ടിലുള്ള 21.8 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തെയാണ് സിറ്റി കമ്മിഷണർ ജി.എച്ച്. യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്.
അക്കൗണ്ട് ഉടമ വർഷങ്ങൾക്ക് മുമ്പ് പണസംബന്ധമായ ഇടപാടുകൾക്കായി ബാങ്കിലേക്ക് അയച്ചിരുന്ന ഇമെയിൽ വിലാസത്തോട് സാദൃശ്യമുള്ള മെയിൽ ഉപയോഗിച്ച് ബാങ്കിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുന്നതിനായി ഇമെയിൽ അയക്കുകയായിരുന്നു. ബംഗളൂരുവിലുള്ള രണ്ട് അക്കൗണ്ടുകളിലേക്ക് 2018 ഡിസംബർ 3, 7 തീയതികളിലായി മൊത്തം 21.8 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു. ദിവസങ്ങൾക്ക് ശേഷം അക്കൗണ്ട് ഉടമ പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടതറിഞ്ഞത്. ബാങ്ക് മാനേജർ നൽകിയ പരാതിയിൽ ഗുരുവായൂർ ടെമ്പിൾ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സൈബർ സെൽ കേന്ദ്രീകരിച്ച് പ്രത്യേക സംഘവും രൂപീകരിച്ചു.
തട്ടിയ തുക വടക്ക് കിഴക്കൻ സംസ്ഥാനക്കാരുടെ പേരിലുള്ള 16 ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു. അന്വേഷണസംഘം ബംഗളൂരിലെത്തി അക്കൗണ്ട് വിവരങ്ങളും, സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സ്റ്റുഡന്റ് വിസയിലും, മെഡിക്കൽ വിസയിലുമായി വരുന്ന വിദേശ പൗരന്മാർ വിസ കാലാവധി കഴിഞ്ഞും തദ്ദേശീയരുമായി സൗഹൃദം സ്ഥാപിച്ച് ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യത്തോടുകൂടിയ അക്കൗണ്ടുകൾ തുടങ്ങിയാണ് തട്ടിപ്പുകൾ നടത്തുന്നത്. ഇത്തരത്തിൽ അക്കൗണ്ടുകളുള്ള ആസാം സ്വദേശിയായ ദേവൻ സസോണിയെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ അക്കൗണ്ടുകളും, മൊബൈൽ ഫോണും പരിശോധിച്ചപ്പോൾ നൈജീരിയൻ സ്വദേശികൾക്ക് പ്രതിഫലം കൈമാറിയിരുന്നതായി മനസിലാക്കി.
പ്രതികൾ പഠാനാവശ്യത്തിനും ചികിത്സയ്ക്കുമായാണ് ഇന്ത്യയിലേക്ക് വിസ സംഘടിപ്പിച്ചത്. കാലാവധി കഴിഞ്ഞതിനെ തുടർന്ന് ബംഗളൂരു, ഡൽഹി, മുംബയ് എന്നിവിടങ്ങളിൽ ഒളിവിലായിരുന്നു. സൈബർ വിഭാഗം കൈകാര്യം ചെയ്യുന്ന പ്രധാന പ്രതിയായ അകേലാ 2011ൽ ഇന്ത്യലെത്തി ഇത്തരം തട്ടിപ്പുകൾ നടത്തി പണം നൈജീരിയിലേക്ക് ഓൺലൈൻ വഴി അയച്ചിരുന്നു. ഇയാൾ നൈജീരിയയിൽ ബഹുനില ഷോപ്പിംഗ് സെന്ററും കൂറ്റൻവീടും നിർമ്മിച്ചുവരികയാണ്. രണ്ടാം പ്രതി ക്രിസ്ത്യൻ ഒബിജി നേത്രചികിത്സയ്ക്കെന്ന വ്യാജേനയാണെത്തിയത്. മറ്റു പ്രതികളായ പാസ്‌കൽ, സാംസൺ എന്നിവർ ടൂറിസ്റ്റ് വിസ ഉപയോഗിച്ച് ബംഗളൂരിലെത്തി സംഘത്തോടൊപ്പം ചേർന്ന് തട്ടിപ്പ് നടത്തുകയായിരുന്നു.
സാംസൺ ഇന്ത്യയിലെത്തി പ്രാദേശിക ഫുട്‌ബോൾ ടൂർണമെന്റുകളിലും കളിച്ചിരുന്നു. പ്രതികൾ തട്ടിപ്പ് നടത്തുന്നതിനായി വീട് വാടകയ്ക്ക് എടുത്ത് കമ്പ്യൂട്ടറും ഇന്റർനെറ്റ് ഉപകരണങ്ങളും സൂക്ഷിച്ചിരുന്നു. പ്രതികളിൽ നിന്നും നിരവധി ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ സിം കാർഡുകൾ, പെൻഡ്രൈവുകൾ, എ.ടി.എം കാർഡുകൾ, പാസ്ബുക്കുകൾ എന്നിവ കണ്ടെടുത്തു. പ്രതികളുടെ പാസ്‌പോർട്ട് വിവരങ്ങളും ബാങ്ക് പണമിടപാടുകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.
ടെമ്പിൾ പൊലീസ് ഇൻസ്‌പെക്ടർ ഇ. പ്രേമാനന്ദകൃഷ്ണൻ, എസ്.ഐ: പി.എം. വിമോദ്, എ.എസ്.ഐ: അനിൽ, എസ്.സി.പി.ഒ മാരായ സൂരജ്, ഫീസ്റ്റോ, ലിന്റൊ ദേവസി, സൂബീർകുമാർ, സി.പി.ഒമാരായ മിഥുൻ, ധനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.