ayur
'ജ്യോതിർഗമയ'

തൃശൂർ: ശ്രദ്ധിക്കപ്പെടാതെ പോകുന്നതും ഏറെ ശ്രദ്ധ അർഹിക്കേണ്ടതുമായ മാനസിക സമ്മർദ്ദം, തടവുകാരിൽ നിരവധി രോഗങ്ങൾക്ക് കാരണമാകുമ്പോൾ ആയുർവേദ ചികിത്സയിലൂടെ രോഗശമനത്തിനും പ്രതിരോധത്തിനും വഴിയൊരുക്കുന്നു. വിയ്യൂർ സെൻട്രൽ ജയിലിലാണ് ഭാരതീയ ചികിത്സാ വകുപ്പിന്റെ 'ജ്യോതിർഗമയ' ചികിത്സാ പദ്ധതി തുടങ്ങുന്നത്. ഒന്നര ലക്ഷം രൂപ ചെലവിൽ ഇരുന്നൂറ് തടവുകാർക്ക് ഒരു വർഷം നീണ്ട ചികിത്സയാണ് ലഭ്യമാക്കുന്നത്. ആഴ്ചയിൽ പത്ത് ഡോക്ടർമാർ അടങ്ങുന്ന സംഘം ജയിലിലെത്തി ഇരുന്നൂറ് തടവുകാരുടെയും ശാരീരിക, മാനസിക രോഗങ്ങളെ വിലയിരുത്തും. മാനസിക സംഘർഷങ്ങൾ കൂടുതൽ അനുഭവിക്കുന്ന തടവുകാർക്ക് പ്രത്യേക ചികിത്സയും കൗൺസലിംഗും നൽകും. ഒരു വർഷക്കാലം സൗജന്യമായി മരുന്നും യോഗയും ലഭ്യമാക്കിയാണ് ചികിത്സ തുടരുക. എല്ലാ വെള്ളിയാഴ്ചകളിലും പരിശോധനയും തുടർചികിത്സയ്ക്കുള്ള നിർദ്ദേശങ്ങളും നൽകും. കിടത്തി ചികിത്സ പ്രാഥമിക ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. പദ്ധതി വിജയകരമാകുന്നതോടെ കൂടുതൽ തുടർ ചികിത്സാരീതികൾ ലഭ്യമാക്കും.
ജയിലിലെ അന്തേവാസികളുടെ മാനസിക, ശാരീരിക ആരോഗ്യം വർദ്ധിപ്പിക്കുന്നതോടൊപ്പം ജയിൽ ജീവനക്കാരുടെ പ്രവർത്തനങ്ങൾ സുഗമമാക്കുകയും പൊതുജനാരോഗ്യം സുരക്ഷിതമാക്കുകയും ചെയ്യുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ജയിലുകളിലെ അന്തേവാസികൾക്ക് ശാരീരിക, മാനസികപ്രശ്‌നങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ജയിലുകളിൽ ആയുർവേദ ഡിസ്‌പെൻസറികൾ അനുവദിക്കണമെന്ന് സ്റ്റേറ്റ് ഗവ. ആയുർവേദ റിട്ടയേർഡ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷനും ആവശ്യമുയർത്തിയിരുന്നു.

ഉദ്ഘാടനം നാലിന്

ഭാരതീയ ചികിത്‌സാ വകുപ്പിന്റെ ജ്യോതിർഗമയ പദ്ധതി ഉദ്ഘാടനം വിയ്യൂർ സെൻട്രൽ ജയിലിൽ നാലിന് ഉച്ചയ്ക്ക് രണ്ടിന് ജയിൽവകുപ്പ് മദ്ധ്യമേഖല ഡി. ഐ.ജി. സാം തങ്കയ്യൻ ഉദ്ഘാടനം ചെയ്യും. ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എസ്. ഷിബു അദ്ധ്യക്ഷനാകും. ഡോ. എം.പി. പാർവ്വതി ദേവി പദ്ധതി വിശദീകരിക്കും. ജയിൽ സൂപ്രണ്ട് നിർമ്മലാനന്ദൻ നായർ, ജോ. സൂപ്രണ്ട്, കെ. അനിൽകുമാർ, പദ്ധതിയുടെ കൺവീനർ ഡോ. പ്രീതി കെ. രാമകൃഷ്ണൻ, വെൽഫെയർ ഓഫീസർമാരായ ലക്ഷ്മി, ഒ.ജെ. തോമസ് എന്നിവർ പങ്കെടുക്കും.

............

സമ്മർദ്ദരഹിതമായ മനസിലൂടെ മെച്ചപ്പെട്ട ശാരീരിക ആരോഗ്യം എന്ന ലക്ഷ്യം മുൻനിറുത്തിയാണ് 'ജ്യോതിർഗമയ' ജയിൽ അന്തേവാസികൾക്കായി ഐ. എസ്. എം വകുപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മനസിന് ശരീരത്തിലുള്ള ആധിപത്യത്തെ കാലങ്ങൾക്കു മുമ്പേ ആയുർവേദം വ്യക്തമായി നിർവചിച്ചിട്ടുണ്ട്. ആയുർവേദത്തിന്റെ ശമനസ്പർശം സംഘർഷങ്ങൾ ഒഴിവാക്കി മനസിനെ ലഘൂകരിക്കും.

ഡോ. എസ്. ഷിബു (ജില്ലാ മെഡിക്കൽ ഓഫീസർ, ഐ.എസ്.എം.)