കനകദുർഗയ്ക്കും ബിന്ദുവിനും അഭിനന്ദനം
തൃശൂർ: ആരാധനാലയങ്ങളുടെ ഭരണ സമിതികളിൽ വനിതാ പ്രാതിനിദ്ധ്യം ഉറപ്പാക്കണമെന്ന് സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദ് പറഞ്ഞു . ജനാധിപത്യ സംരക്ഷണ വേദിയുടെ ആഭിമുഖ്യത്തിൽ തേക്കിൻകാട് മൈതാനിയിൽ നവോത്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഈശ്വരനെ ആരാധിക്കാൻ മാത്രമല്ല, ആരാധനാലയങ്ങളുടെ ഭരണകാര്യങ്ങളിലും സ്ത്രീകൾക്ക് പങ്കാളിത്തം വേണം. ഭരണഘടന ഉറപ്പു നൽകുന്ന വിവേചന രഹിതമായ സമത്വം, മാന്യത എന്നിവയെ അട്ടിമറിച്ച് ഇന്ത്യയെ നൂറ്റാണ്ടുകൾക്ക് പിന്നിലുള്ള മനുസ്മൃതിയിലെ ആചാരങ്ങൾ നടപ്പാക്കാനാണ് ബ്രാഹ്മണ വരേണ്യ വർഗം ശ്രമിക്കുന്നത്. സംസ്ഥാന സർക്കാരിനെ കലാപത്തിലൂടെ പുറത്താക്കാനാണ് സംഘപരിവാർ സംഘങ്ങൾ ശ്രമിച്ചത്. പ്രളയത്തെ നേരിടാൻ കേരള ജനത കാണിച്ച ഒരുമയെ ഇന്ത്യ സല്യൂട്ട് ചെയ്തു. എന്നാൽ ശബരിമലയിലെ ആചാര സംരക്ഷണത്തിന്റെ പേരിൽ ഒരു കൂട്ടർ നടത്തിയ കാടത്തം കണ്ട് ലോകം ലജ്ജിച്ചുപോയി. ഇന്ത്യയിൽ ജനാധിപത്യം, സർക്കാരിന്റെ ചൊൽപ്പടിയിലുള്ള ടി.വി ചാനലുകളുടെയും മൊബൈൽ കമ്പനികളുടെയും ഖനികളുടെയും ഉടമകളുടെ കൈകളിലാണെന്ന് ടീസ്ത ആരോപിച്ചു. വേദിയിലുണ്ടായിരുന്ന ശബരിമല ദർശനം നടത്തിയ കനകദുർഗയെയും ബിന്ദുവിനെയും ടീസ്ത അഭിനന്ദിച്ചു. ഡോ. കെ.എൻ. അജോയ് കുമാർ, ഡോ. ആർ. ശാർമിള, അഡ്വ. ആശ ഉണ്ണിത്താൻ, വി.എസ്. അനിൽകുമാർ, പി.കെ. വേണുഗോപാലൻ, എം.കെ. ദാസൻ തുടങ്ങിയവർ പ്രസംഗിച്ചു..