സാഹിത്യ അക്കാഡമി പുസ്തകോത്സവത്തിന് തുടക്കം
തൃശൂർ: എഴുത്തും വായനയും മനസിനെ വിശാലമാക്കുമെന്നും ഏകാന്തതയിൽ ഏറ്റവും അടുത്ത സുഹൃത്ത് പുസ്തകങ്ങളാണെന്നും തമിഴ് കവയിത്രിയും നോവലിസ്റ്റുമായ സൽമ പറഞ്ഞു. സാഹിത്യ അക്കാഡമിയിൽ ദേശീയ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പുസ്തകങ്ങളാണ് തന്റെ ചിന്തകളെ മാറ്റിയതും സ്വാധീനിച്ചതും. ലോകത്തെ കൺമുമ്പിലെത്തിക്കുന്ന പുസ്തകങ്ങൾ എപ്പോഴും ജീവിതത്തിൽ തുണയായിരിക്കും.
പല അനുഭവങ്ങളും വായിക്കുമ്പോൾ സമൂഹത്തെ സ്‌നേഹിക്കാൻ നമ്മെ പഠിപ്പിക്കുകയാണ്. സ്ത്രീകൾക്കെതിരെ സമൂഹത്തിൽ ഉയർന്നു വരുന്ന പ്രശ്‌നങ്ങളിൽ പലപ്പോഴും തുണയായി മാറുന്നത് എഴുത്തും പുസ്തകങ്ങളുമാണ്. തന്റെ ഏകാന്ത കാലത്ത് പുസ്തകങ്ങളാണ് ഏറ്റവും അടുത്ത സഹായിയായി നിലകൊണ്ടതെന്ന് സൽമ പറഞ്ഞു. തന്റെ സാഹിത്യ ജീവിതം പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും മാതൃകയാണ്. ശബരിമലയിലെത്തിയ സ്ത്രീകളെ അടിച്ചോടിക്കുകയെന്നത് അംഗീകരിക്കാൻ കഴിയാത്തതാണ്. ഗുണ്ടായിസമാണ് അവിടെയൊക്കെ നടത്തുന്നതെന്നും സൽമ പറഞ്ഞു. അക്കാഡമി പ്രസിഡന്റ് വൈശാഖൻ അദ്ധ്യക്ഷത വഹിച്ചു.
മേയർ അജിത വിജയൻ മുഖ്യാതിഥിയായി. സി. രാവുണ്ണി, അക്കാഡമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. ഹലിമാബീവി ജന്മശതാബ്ദി സമ്മേളനവും നടന്നു. അക്കാഡമി അങ്കണത്തിൽ 11 വരെ പുസ്തകോത്സവം ഉണ്ടാകും. സെമിനാർ, സംവാദം, പ്രഭാഷണം, അനുസ്മരണങ്ങൾ, കവി സമ്മേളനം, പുസ്തക പ്രകാശനം, നാടകം, നാടൻകലകൾ തുടങ്ങിയവ നടക്കും.