തൃശൂർ : ജോലിയില്ലെങ്കിലും രജിസ്റ്ററിൽ ഒപ്പിട്ട്, ആ ദിനങ്ങളിലെ ശമ്പളം മറ്റൊരു ഉദ്യോഗസ്ഥയ്ക്ക് നൽകണമെന്ന സംഭവത്തിൽ കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ താത്കാലിക ജീവനക്കാരിയായ കെ.എസ്. സുമിത നൽകിയ പരാതിയിൽ കാർഷിക സർവകലാശാല അന്വേഷണം തുടങ്ങി. സർവകലാശാലയിലെ ഉയർന്ന ഉദ്യോഗസ്ഥരിൽ ഒരാളായ പ്രൊഫ. നാരായണൻ കുട്ടി പരാതിക്കാരിയിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് മൊഴിയെടുത്തു. പരാതിയിൽ ഉറച്ചു നിൽക്കുന്നതായി സുമിത വ്യക്തമാക്കി. ശമ്പള തുക ബാങ്കിൽ വന്നതിന്റെ പകർപ്പും ഇന്നലെ ഇവർ ഹാജരാക്കി.
അതേ സമയം സമാനമായ പരാതി നൽകിയെന്ന് പറയുന്നവരുടെ സത്യപ്രസ്താവന ഇന്നലെ കാർഷിക സർവകലാശാല പുറത്തുവിട്ടു. തങ്ങളെ സുമിത തെറ്റിദ്ധരിപ്പിച്ചാണ് ഒപ്പിട്ട് വാങ്ങിച്ചതെന്ന് സത്യപ്രസ്താവനയിൽ പറയുന്നു. മാസത്തിൽ ജോലിയുള്ള 24 ദിവസത്തിൽ കരാർ തൊഴിലാളികൾക്ക് ശരാശരി 18-20 ദിവസമാണ് ജോലിയുണ്ടാവുക. മുഴുവൻ ദിവസവും ജോലിക്ക് ഹാജരായെന്ന് വരുത്താൻ രജിസ്റ്ററിൽ ഒപ്പിടണമെന്നും ഇവർക്ക് ബാങ്ക് അക്കൗണ്ടിൽ വരുന്ന ശമ്പളത്തിൽ നിന്ന് ജോലിക്ക് ഹാജരാക്കാത്ത ദിവസത്തെ ശമ്പളം ഫാം ഓഫീസിലെ ഉയർന്ന ഉദ്യോഗസ്ഥയ്ക്ക് നൽകണമെന്നുമായിരുന്നു സുമിതയുടെ പരാതി.
ആരോപണം അടിസ്ഥാന രഹിതം
സെന്ററിനെതിരെ താത്കാലിക ജീവനക്കാരി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കാർഷിക സർവകലാശാല അറിയിച്ചു. കമ്യൂണിക്കേഷൻ സെന്റർ മേധാവിക്കെതിരെ പരാതി ലഭിച്ചിട്ടില്ല. ജീവനക്കാർക്കെതിരെ താത്കാലിക ജീവനക്കാരി നൽകിയ പരാതിയിൽ അന്വേഷണം നടത്തിവരികയാണ്. പരാതി നൽകിയയാൾ ഒന്നര മാസമായി ജോലിക്കെത്താറില്ല. താത്കാലികമായി നിയോഗിക്കപ്പെട്ടവർ വ്യവസ്ഥകൾക്ക് വിധേയമായി ജോലി ചെയ്യാത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സർവകലാശാലക്കെതിരെ ആരോപണം ഉന്നയിക്കാൻ കാരണം. വ്യവസ്ഥ ലംഘിക്കപ്പെടുകയോ ജോലിക്ക് ഹാജരാകാതിരിക്കുകയോ ചെയ്താൽ നിയമനം റദ്ദാകുമെന്നും സർവകലാശാലയുടെ പത്രക്കുറിപ്പിൽ വ്യക്തമാക്കി.