കയ്പ്പമംഗലം: മൂന്നുപീടിക ബീച്ച് റോഡിന്റെ പണി ആരംഭിച്ചു. ദേശീയ പാത 66 മൂന്നുപീടിക സെന്ററിൽ നിന്നും പടിഞ്ഞാട്ടുള്ള റോഡിന്റെ 250 മീറ്റർ നീളത്തിൽ ടൈൽ വിരിക്കുന്നതിനായുള്ള പണികളാണ് ആരംഭിച്ചത്. ഇതിനായി നിലവിലുള്ള റോഡിന്റെ ടാർ പൊളിക്കുന്നതിനുള്ള പ്രവർത്തനം തുടങ്ങി. കുറച്ചു കാലങ്ങളായി തകർന്നുകിടക്കുന്ന ഈ ബീച്ച് റോഡ് മൂന്നുപീടികയിലെ ഗതാഗത കുരുക്കിന് കാരണമായിരുന്നു.
ജില്ല പഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപ ചെലവാക്കിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കയ്പ്പമംഗലം മേഖലയിലെ പ്രധാന ബീച്ച് റോഡുകളിലൊന്നാണ് മൂന്നുപീടിക ബീച്ച് റോഡ്. അഴീക്കോട് , ചാമക്കാല , നാട്ടിക ബീച്ച് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സ്വകാര്യ ബസ് സർവീസുകളടക്കം നൂറുക്കണക്കിന് വാഹനങ്ങൾ പോകുന്ന റോഡാണിത്. താത്കാലികമായി ഈ വഴിയിലൂടെ ഗതാഗതം ഇപ്പോൾ നിരോധിച്ചിരിക്കുകയാണ്. ആദ്യ ഘട്ടം എന്ന നിലയിൽ 20 ദിവസം കൊണ്ട് 250 മീറ്റർ നീളത്തിൽ ടൈൽ വർക്ക് എത്രയും പെട്ടെന്ന് തീർക്കാനാണ് പദ്ധതി. ഈ പണി പൂർത്തിയായാൽ അടുത്ത ഘട്ടം 15 ലക്ഷം രൂപ ഉപയോഗിച്ച് ബാക്കിയുള്ള തകർന്ന ഭാഗത്തെ പണികൾ ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം ബി.ജി. വിഷ്ണു അറിയിച്ചു...