ചാലക്കുടി: വേർപാടിന് കാൽ നൂറ്റാണ്ടിന്റെ പഴക്കമാകുമ്പോഴും താക്കോൽക്കാരനോടുള്ള നാടിന്റെ പ്രതിബദ്ധത കൂടുകയാണെന്ന് എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി. എൽ.ജെ.ഡി നിയോജക മണ്ഡലം കമ്മിറ്റി ചാലക്കുടി സൗത്ത് ജംഗ്ഷനിൽ സംഘടിപ്പിച്ച പൗലോസ് താക്കോൽക്കാരൻ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂല്യശോഷണം സംഭവിക്കുന്ന രാഷ്ട്രീയ പ്രവർത്തനത്തിന് കരുത്തേകാൻ താക്കോൽക്കാരന്റെ സ്മരണ പ്രചോദനമാകുമെന്നും യൂജിൻ മോറേലി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് എം.സി. ആഗസ്തി അദ്ധ്യക്ഷനായി. മുൻ നഗരസഭാ ചെയർമാൻ ജോസ് പൈനാടത്ത്, ജില്ലാ വൈസ് പ്രസിഡന്റ് എ.ഇ. കുമാരൻ, ഡേവിസ് താക്കോൽക്കാരൻ, ജോർജ്ജ് ഐനിക്കൽ, എൻ.സി. ബോബൻ തുടങ്ങിയവർ പ്രസംഗിച്ചു.