art-01
ചിത്രങ്ങൾക്കു മുന്നിൽ രാധാകൃഷ്ണൻ

ചാഴൂർ: നിറങ്ങൾ സമന്വയിപ്പിച്ച് വർണ വിസ്മയം തീർക്കുകയാണ് ചിറയ്ക്കൽ ഇഞ്ചമുടി വില്ലേജ് ഓഫീസിലെ സ്‌പെഷ്യൽ വില്ലേജ് ഓഫീസറായ രാധാകൃഷ്ണൻ. അസാമാന്യ കരവിരുതിൽ പിറവിയെടുക്കുന്നത് പ്രകൃതിയുടെ ആവാസ വ്യവസ്ഥകളാണ്. ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള രാധാകൃഷ്ണന്റെ വീട് ഒരു ചിത്രകലാ മ്യൂസിയമാണ്. ഓരോ ചിത്രങ്ങൾക്കും ജീവനുണ്ടെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് കാൻവാസിൽ പകർത്തിയിട്ടുള്ളത്. ചെറുപ്പകാലം മുതൽ ചിത്രരചനയിൽ തൽപരനായിരുന്നു. നല്ലൊരു ചിത്രകാരനായിരുന്ന ഭാര്യാപിതാവിൽ നിന്നാണ് ചിത്രരചനയുമായി ബന്ധപ്പെട്ടെ കാര്യങ്ങൾ മനസിലാക്കിയത്. നാളിതുവരെ ആയിരത്തിൽ പരം ചിത്രങ്ങൾക്ക് രാധാകൃഷ്ണൻ ചായം ചാലിച്ചു. റവന്യൂ ഡിപ്പാർട്ട്‌മെന്റ് നടത്തിയ സ്റ്റേറ്റ് കലോത്സവത്തിൽ ചിത്രരചനയിൽ രാധാകൃഷ്ണൻ ഒന്നാം സ്ഥാനം നേടിയിരുന്നു. തൃശൂർ ലളിതകലാ അക്കാഡമിയുടെ 2016 ലെ സംസ്ഥാന തല ചിത്രപ്രദർശനത്തിൽ രാധാകൃഷ്ണന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. മൈൻഡ് ഒഫ് ഗ്രീനറി എന്ന് പേരിട്ടിട്ടുള്ള വിഭാഗത്തിലാണ് ചിത്രങ്ങൾ അധികവും. അക്രിലിക്ക് , ഓയിൽ, ജലച്ചായം എന്നിവ ഉപയോഗിച്ചാണ് ചിത്രരചന. ജോലി കഴിഞ്ഞെത്തിയാൽ രാത്രിയിൽ മണിക്കൂറുകൾ ചെലവഴിച്ച് ക്ഷമയോടെയും, ശ്രദ്ധയോടെയുമാണ് ഓരോ ചിത്രങ്ങളും പൂർത്തിയാക്കുന്നത്. ഏകദേശം ഒരാഴ്ചയോളം എടുക്കും ഒരു ചിത്രം പൂർത്തിയാകാൻ . തൃശൂർ പൂരത്തിന്റെ ചിത്രം ഒരുക്കിയത് ഒരു മാസത്തെ പ്രയത്‌നത്തിലാണ്. രാധാകൃഷ്ണന് പ്രചോദനമായി കൂടെയുള്ളത് ഭാര്യ മായയും, യു.കെ.ജി വിദ്യാർത്ഥിയുമായ മകൾ കണ്ണകിയുമാണ്. ബ്ലാക്ക് ബോർഡിൽ എഴുതുന്ന ചോക്കിൽ ദൈവ രൂപങ്ങളും , കൗതുക മാതൃകകളും നിർമ്മിക്കുന്നതിലും രാധാകൃഷ്ണൻ വിദഗ്ദ്ധനാണ് . ആസ്വാദക ഹൃദയങ്ങളെ വിസ്മയത്തിലാറാടിച്ചു കൊണ്ട് രാധാകൃഷ്ണന്റെ കൈവിരലുകൾ കാലത്തിന്റെ കൈയൊപ്പ് ചാർത്തിക്കൊണ്ടിരിക്കുകയാണ്.